തലയാഴം അമ്പാനപ്പള്ളിയിൽ വീതികുറഞ്ഞ തോട്ടില്‍ ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴം കൂട്ടി: വീടും പരിസരവും തകര്‍ച്ചാഭീഷണിയിലെന്ന് നിര്‍ധന കുടുംബങ്ങള്‍; തിരിഞ്ഞ് നോക്കാതെ പഞ്ചായത്ത് അധികൃതർ

Spread the love

തലയാഴം: വീതികുറഞ്ഞ നാട്ടുതോട്ടില്‍ വലിയ ഹിറ്റാച്ചി ഇറക്കി ആഴത്തില്‍ മണ്ണ് കോരിയതിനെത്തുടർന്ന് മണ്ണിടിഞ്ഞ് തോടിനോടു ചേർന്നു താമസിക്കുന്ന 10 നിർധന കുടുംബങ്ങളുടെ വീടുകള്‍ തകർച്ചാഭീഷണിയില്‍.

തലയാഴം പഞ്ചായത്ത് 15-ാം വാർഡായ അമ്പാനപ്പള്ളിയിലെ അമ്പാനപ്പള്ളി തോടിന്‍റെ ഇരുകരകളിലും അഞ്ചു സെന്‍റിലും ആറു സെന്‍റിലുമൊക്കെ താമസിക്കുന്ന നിർധനരുടെ വീടും പരിസരവുമാണ് ഏതു നിമിഷവും തോട്ടിലേക്ക് ഇടിയുമെന്ന നിലയിലായത്. തലയാഴം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരിയാറില്‍നിന്ന് തുടങ്ങി ഉള്‍പ്രദേശത്തു കൂടി കടന്നുപോകുന്ന തോട് ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴം കൂട്ടിയത്.

പൊടിമണലും ചെളിയും ഇടകലർന്ന പ്രദേശത്തെ മണ്ണിന് ഉറപ്പില്ലാത്തതിനാല്‍ തോട്ടരികില്‍ താമസിക്കുന്നവർ മുളംകുറ്റികളും മറ്റും തോട്ടിറമ്പില്‍ നാട്ടി ഇടയില്‍ ഷീറ്റുകള്‍ സ്ഥാപിച്ചും മറ്റുമാണ് മണ്ണ് വാർന്നുപോകാതെ സംരക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ഹിറ്റാച്ചി തോട്ടില്‍ ഇറക്കി പണിതുടങ്ങിയപ്പോള്‍തന്നെ തോടിന്‍റെ സമീപപുരയിടങ്ങള്‍ ഇടിഞ്ഞു തുടങ്ങി. ഹിറ്റാച്ചി പ്രവർത്തിപ്പിച്ച ഇതരസംസ്ഥാനക്കാരനോടു പണി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പണി തുടരുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

മണിമന്ദിരത്തില്‍ മോഹനൻ, വലിയ പറമ്ബില്‍ ഗോപകുമാർ, പുഷ്പ ഇണ്ടംതുരുത്തില്‍, മിനി, സന്തോഷ്, എല്‍സ, സുഭാഷ്, ഷൈല, ഷൈജു, വിഷ്ണു സുബൈർ, അജി തുടങ്ങിയവരുടെ വീടും പുരയിടവുമാണ് തകർച്ചാ ഭീഷണിയിലായത്. ഇതില്‍ ആറു സെന്‍റില്‍ താമസിക്കുന്ന മണിമന്ദിരത്തില്‍ മോഹനൻ രണ്ട് വർഷം മുൻപാണ് പുതിയ വീട് നിർമിച്ചത്. വീടിനു സമീപത്തുള്ള കിണർ, സെപ്റ്റിക് ടാങ്ക് തുടങ്ങിയ തോട്ടിലേക്കു ഏതു നിമിഷവും പതിക്കുമെന്ന നിലയിലാണ്.

തോട്ടരികില്‍ ഭൂമി സംരക്ഷണത്തിനായി നാട്ടിയിരുന്ന മുളവേലി ഹിറ്റാച്ചി മണ്ണുകോരിയപ്പോള്‍ ഇളകിയതിനാല്‍ ഇപ്പോള്‍ കയർകെട്ടി നിർത്തിയിരിക്കുകയാണ്. രണ്ടു വർഷം മുൻപ് 50,000 രൂപ മുടക്കി തിട്ട സംരക്ഷിച്ച മറ്റൊരു കുടുംബത്തിന്‍റെ വീടും തോട്ടിലേക്കിടിയുമെന്ന സ്ഥിതിയിലാണ്. ലൈഫ് പദ്ധതിയില്‍ വീടു നിർമിക്കാൻ മുൻ ഗുണനാ പട്ടികയിലുള്ള ഷെഡില്‍ താമസിക്കുന്ന കുടുംബങ്ങളും തോടിനോടു ചേർന്നു താമസിക്കുന്നുണ്ട്.