
തൃക്കൊടിത്താനം : സഹോദരങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം കുന്നുംപുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പായിപ്പാട് മമ്പള്ളി വീട്ടിൽ ജിസ് ബിജു (25)നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 22 ന് രാത്രി 9 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. പായിപ്പാട് സ്വദേശികളായ സഹോദരങ്ങളെ ഇയാൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതി സഹോദരങ്ങളെ ഇവരുടെ വീടിനു സമീപം വച്ച് ചീത്ത വിളിക്കുകയും, ഇവരുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇരുവരുടെയും തലയ്ക്ക് അടിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിസ് ബിജുവും, സുഹൃത്തുക്കളും സഹോദരങ്ങളുടെ വീടിനു സമീപം രാത്രികാലങ്ങളിൽ പാട്ടുപാടി ബഹളം വയ്ക്കുന്നതിനെ ഇവർ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
ഇയാൾ തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കൂടാതെ മണർകാട്, തിരുവല്ല, മാന്നാർ, പുളിക്കീഴ്,ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്. ഐ അഖിൽദേവ് എ.എസ്, സി.പി.ഓ മാരായ അരുൺ.എസ്, സെൽവരാജ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.