സിദ്ധാര്‍ത്ഥനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയും അന്വേഷണ പരിധിയിലേക്ക്; കോളജിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചത് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്നും കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ; സിദ്ധാര്‍ത്ഥനെ ആക്രമിച്ച സംഘത്തിനാണോ പെണ്‍കുട്ടി പരാതി നല്‍കിയത് എന്നതാണ് ഒടുവിൽ ഉയരുന്ന ചോദ്യം

Spread the love

സ്വന്തം ലേഖകൻ 

കോഴിക്കോട്: ക്രൂര പീഡനത്തിന് ഇരയായ ശേഷം ജീവനൊടുക്കിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെതിരെ മരണ ശേഷം പരാതി കൊടുത്ത സഹപാഠിയെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്ന ആവശ്യം ശക്തമാകും.

പുറത്തുവന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ പെണ്‍കുട്ടിയുടെ പരാതി പരിഹരിക്കാമെന്ന് പറഞ്ഞാണ് സിദ്ധാര്‍ത്ഥനെ കോളേജിലേക്ക് വിളിച്ചു വരുത്തിയതെന്നും പീഡിപ്പിച്ചതെന്നും വ്യക്തമാണ്. സിദ്ധാര്‍ത്ഥന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായാല്‍ പെണ്‍കുട്ടി അതിനെ നിയമപരമായി നേരിടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനായി കോളേജിനോ പോലീസിനോ യഥാസമയം പരാതി നല്‍കിയില്ല. പകരം സഹപാഠികളെ അറിയിച്ചു. വികാര വിക്ഷോഭത്താലുള്ള ഇവരുടെ പ്രതികാരമാണ് സിദ്ധാര്‍ത്ഥന്റെ ജീവനെടുത്തതെന്ന വാദമാണ് പോലീസിന്റെ തന്നെ റിമാന്‍ഡ് റിപ്പോർട്ടിലൂടെ തെളിയുന്നത്. എന്നാല്‍ കേസില്‍ ഇപ്പോഴും ഈ പെണ്‍കുട്ടി പ്രതിയല്ല.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാതെയാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റലിലെ ‘അലിഖിത നിയമം’ അനുസരിച്ച്‌ സിദ്ധാർത്ഥനെ പരസ്യവിചാരണ നടത്തിയെന്നും ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സിദ്ധാര്‍ത്ഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ത്ഥനെ ആക്രമിച്ച സംഘത്തിനാണോ പെണ്‍കുട്ടി പരാതി നല്‍ കിയത് എന്നതാണ് ഉയരുന്ന ചോദ്യം.

സിദ്ധാർത്ഥൻ മരിച്ച ശേഷം ഒരു പെണ്‍കുട്ടിയുടെ പരാതി കോളജ് അധികൃതര്‍ക്ക് കിട്ടിയിരുന്നു. ഈ പരാതിയില്‍ കോളജിലെ അച്ചടക്ക സമിതി പരിശോധനയും നടത്തി. 18നാണ് പരാതി തയ്യാറാക്കിയതെന്നും 19നാണ് കോളജില്‍ അത് ബന്ധപ്പെട്ടവര്‍ക്ക് കിട്ടിയതെന്നും രേഖകള്‍ തന്നെ പുറത്തു വന്നിരുന്നു. കോളജ് ഡീന്‍ അടക്കം ഇത് പരസ്യമായി സമ്മതിക്കുകയും ചെയ്തു.

ഫെബ്രുവരി 14നുണ്ടായ അനുഭവമാണത്രേ ഈ പരാതിക്ക് ആധാരം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സിദ്ധാർത്ഥൻ മരിക്കും വരെ പരാതി ബന്ധപ്പെട്ടവര്‍ക്ക് കൊടുത്തില്ല എന്നത് നിർണ്ണായക ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യണം. അങ്ങനെ വന്നാല്‍ പൂക്കോട് വെറ്റിനറി കോളേജില്‍ നടന്ന മരണത്തിലെ എല്ലാ ദൂരൂഹതയും മാറും.

സിദ്ധാർത്ഥനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നതിനിടെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നത്. കഴിഞ്ഞ 16ന് രാത്രി 9 മണി മുതല്‍ സിദ്ധാർത്ഥനെ മര്‍ദനത്തിന് ഇരയാക്കി. അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ ബെല്‍റ്റും കേബിള്‍ വയറും ഉപയോഗിച്ച്‌ ഇടവേളയില്ലാതെ മര്‍ദിച്ചു. 21ാം നമ്ബര്‍ ഹോസ്റ്റല്‍ മുറിയില്‍ വച്ചും പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തും മര്‍ദനം തുടര്‍ന്നു.

പുലര്‍ച്ചെ 2 മണിവരെ പരസ്യവിചാരണ നടത്തി. ക്രൂരമായ മര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നടത്തി മരണമല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലേക്ക് പ്രതികള്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരസ്യവിചാരണയ്ക്ക് കാരണം പെണ്‍കുട്ടിയുടെ പരാതിയാണ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയിലേക്കും അന്വേഷണം പോകേണ്ടതുണ്ടെന്നാണ് ഉയരുന്ന ആവശ്യം.

ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളജിലേക്ക് തിരികെ വന്നില്ലെങ്കില്‍ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത് എന്നാണ് പ്രതികള്‍ തന്നെ പോലീസിനോട് പറയുന്നത്. ഇത് പ്രകാരം ഫെബ്രുവരി 16ന് രാവിലെ സിദ്ധാര്‍ത്ഥന്‍ തിരികെ കോളജിലെത്തി. ഇതോടെ തന്നെ പ്രതികാര മനോഭാവത്തോടെയുള്ള പരസ്യവിചാരണ തുടങ്ങി. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ സിദ്ധാർത്ഥനെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സുഹൃത്തിന്റെ ഓഡിയോസന്ദേശം പുറത്തു വന്നു. സിദ്ധാർത്ഥനെ തല്ലിക്കൊന്നതാണെന്നും മൃഗീയമായാണ് തല്ലിയതെന്നും ഓഡിയോയില്‍ പറയുന്നു. മരണത്തില്‍ സിദ്ധാര്‍ത്ഥന്റെ ബാച്ചിലുള്ളവര്‍ക്കും പങ്കുണ്ടെന്നും ഓഡിയോയില്‍ ആരോപിക്കുന്നു. സിദ്ധാര്‍ഥന്റെ അമ്മാവനായ ഷിബുവിനെ സഹപാഠിയായ കുട്ടി അറിയിച്ച കാര്യമാണ് ഓഡിയോയിലുള്ളത്.

ഇത് കുടുംബം പോലീസിന് കൈമാറി. മൃഗീയമായി, പട്ടിയെ തല്ലുന്നതുപോലെ അവനെ അവര്‍ തല്ലിയിട്ടുണ്ട്. എല്ലാരും കാണ്‍കെ, ഹോസ്റ്റലിന്റെ നടുവില്‍വെച്ച്‌, വരുന്നവരും പോകുന്നവരും അവനെ വയറുകൊണ്ടും ബെല്‍റ്റു കൊണ്ടുമാണ് തല്ലിയത്. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തല്ലിക്കൊന്നത് തന്നെയാണ്. അവന്റെ ബാച്ചിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഒരാളപ്പോലും വെറുതെ വിടരുത്. അവര്‍ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്; കഴുകന്മാരേക്കാളും മോശമായ ആളുകളാണ് -ഇതാണ് ഓഡിയോ സന്ദേശത്തിൻെറ ഉള്ളടക്കം.