
സ്വന്തം ലേഖകൻ
കൊച്ചി: അങ്കമാലി-എരുമേലി ശബരി റയില്‍പാതയുടെ നിർമ്മാണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി നഷ്ടമാകുമെന്ന ആശങ്ക ശക്തമാകുന്നു.
നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം ഉറപ്പ് നല്‍കാത്തതാണ് ശബരി റയില്‍പാതയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നത്. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും പകുതി നിർമ്മാണച്ചെലവ് വഹിക്കാമെന്ന് ഉറപ്പ് നല്കുന്ന കത്തും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന ധനവകുപ്പ് ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കമാലി-എരുമേലി ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് രേഖാമൂലം ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് ഡിസംബർ 21-നാണ് റെയില്‍വേ കത്തയച്ചത്. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കത്തിനൊപ്പം നല്‍കണമെന്നുമായിരുന്നു നിർദ്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് ഇനിയും സംസ്ഥാന സർക്കാർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 2021-ലെ ബജറ്റില്‍ നിർമാണച്ചെലവിനായി കിഫ്ബിവഴി 2000 കോടി രൂപയും നീക്കിവെച്ചിരുന്നു.
നിബന്ധനകള്‍ പാലിച്ച് സജീവമായ പദ്ധതികള്‍ക്കേ പണം ചെലവഴിക്കാനാവൂ എന്നതിനാല്‍ 2022- 23-ലെ കേന്ദ്ര ബജറ്റില്‍ നീക്കിവെച്ച 100 കോടി ദക്ഷിണറെയില്‍വേ മടക്കിയിരുന്നു. ഇത്തരത്തില്‍ പോയാല്‍ ഈ 100 കോടിയും പാഴാവും. നാലുവർഷം മുൻപ് മരവിപ്പിച്ചതാണ് 26 വർഷമായിട്ടും എങ്ങുമെത്താത്ത പദ്ധതി.
1997-98-ല്‍ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി റെയില്‍വേ ലൈനിന് 111 കിലോമീറ്ററാണ് നീളം. മൂന്നു ജില്ലകളിലായി 14 സ്റ്റേഷനുകളുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയില്‍പ്പാതയുമാണിത്. 1997-ല്‍ 550 കോടിയാണ് റെയില്‍വേ അനുവദിച്ചത്. പല കാരണങ്ങളാല്‍ പിന്നെ പദ്ധതി മന്ദതയിലായി.
രണ്ടു പതിറ്റാണ്ടായി ഭൂമി വില്‍ക്കാനോ വായ്പയെടുക്കാനോ നാട്ടുകാർക്ക് കഴിയുന്നില്ലെന്ന് ശബരി പദ്ധതി ആക്ഷൻ കൗണ്‍സിലുകളുടെ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഏഴുകിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം എന്നിവയാണ് പൂർത്തിയായത്.



