
സിനിമാ ഡെസ്ക്
ഒരുപാട് നാളുകൾക്കു ശേഷം ഒരു അമ്മയുടെയും മകളുടെയും സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഒരു ചിത്രം കണ്ടു. സിനിമയുടെ പേര് ഓർമ്മ. ഇതിൽ അമ്മയായി അഭിനയിച്ചിരിക്കുന്നത് പരസ്പരം എന്ന സീരിയലിലൂടെ വീട്ടമ്മമാരുടെ പ്രിയങ്കരിയായ ഗായത്രി അരുൺ ആണെന്ന് പരസ്യത്തിലൂടെ അറിയാൻ കഴിഞ്ഞു. മാത്രമല്ല.. പ്രേം നസീർ പുരസ്‌ക്കാരങ്ങളിൽ 4എണ്ണം കരസ്ഥമാക്കിയ സിനിമകൂടിയാണ് ഓർമ്മ എന്നതുമാണ് ഈ സിനിമ കാണാൻ പ്രേരണയായത്.

ഓർമ്മ എന്ന ചിത്രത്തിലൂടെ ഡിറക്ടർ പറയാൻ ശ്രമിക്കുന്നത്.. തെറ്റിദ്ധാരണകൾ മനുഷ്യനെ വിദ്വേഷത്തിലേക്കും,
തുടർന്ന് കൊലപാതകത്തിലേക്കും എത്തിക്കുമെന്നതാണ്. ഇന്നത്തെ സാഹചര്യത്തിൽ വളരുന്ന ഒരു പെൺകുട്ടിക്ക് ജനസമൂഹത്തിൽ നേരിടേണ്ടിവരുന്ന ആക്ഷേപത്തിന്റെയും അവഹേളനയുടെയും, കുത്ത് വാക്കുകളുടെയും പ്രഹരമാണ് വരച്ചുകാട്ടുന്നത്. ആരോരുമില്ലാത്ത ഒരു കുടുംബത്തെ സഹായിക്കാൻ മനസു കാണിക്കുന്നവരെപ്പോലും… ഇക്കൂട്ടർ വിടാതെ പിന്തുടരുന്നു.

അവരെക്കുറിച്ച് നാം പറഞ്ഞു ഉണ്ടാക്കുന്ന വാക്കുകൾ അവരുടെ മനസ്സിനെ എത്രമാത്രം അവരെ വേദനിപ്പിക്കുന്നു എന്ന് നാം നോക്കാറില്ല. ഒരു നേരമ്പോക്കിനും, കളി തമാശയ്ക്ക് വേണ്ടിയും പരിഹസിക്കുമ്പോൾ അവരുടെ ജീവിതം തന്നെ ഇല്ലാതാക്കുകയാണെന്ന് ജനങ്ങളിൽ ഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയക്കാരുടെയും നേതാക്കന്മാരുടെയും കൈയിലെ ചട്ടുകമായി മാറിക്കൊണ്ട് കൈക്കൂലിക്കും, സ്വാധീനത്തിനും അടിമപെട്ട് പണം മോഹിച്ച് ആളുകളെ കൊല്ലുന്ന ഒരുപാട് പേർ ഇന്നും ഡിപ്പാർട്ട്മെൻറിൽ ഉണ്ടെന്നത് പകൽപോലെ സത്യമാണ്. ഒരു വ്യക്തി സഹായഹസ്തവുമായി സമീപിക്കുമ്പോൾ ആ സഹായം അവർ നിരസിക്കാൻ പല കാരണങ്ങളുണ്ട്. ആ വ്യക്തി എന്താണെന്ന് അറിയില്ല!! ആ വ്യക്തിയുടെ സ്വഭാവം അറിയില്ല!! പക്ഷേ ആ വ്യക്തി വളരെ നല്ല മനസ്സോടെയായിരിക്കും സഹായം നൽകുന്നത്, എന്നാൽ.. ജനസമൂഹം കാണുന്നത് മറ്റൊരു കണ്ണിലൂടെ ആയിരിക്കും അതുതന്നെയാണ് നമ്മുടെ നാടിൻറെ ശാപം.
സുന്ദരമായ ഒരു ഗ്രാമത്തിലെ ശാലീനയായ അമ്മയുടെയും മകളുടെയും പരസ്പര സ്നേഹത്തിന്റെ കഥയ്ക്കപ്പുറം ഒരു സമൂഹത്തിന് നന്മ ആഗ്രഹിച്ച ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക പീഡനങ്ങളും,ചതിയിൽ അകപ്പെട്ടുപോകുന്ന ഒരു കുടുംബനാഥന്റെയും കഥയാണ് ഓർമ്മ. ഒരു മനുഷ്യൻറെ തകർച്ചയിലാണ് അവൻ എന്താണെന്ന് അവർ മനസ്സിലാക്കുന്നത്. കുടുംബസമേതം കാണാവുന്ന ഒരു നല്ല സിനിമയാണ് ഓർമ്മ. അമ്മയെ സ്നേഹിക്കുന്ന മകളും മകളെ സ്നേഹിക്കുന്ന അമ്മയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രംകൂടിയാണ് ഓർമ്മ.

Whatsapp Group 1 | Whatsapp Group 2 |Telegram Group