play-sharp-fill
സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണക്കില്ലാത്ത പണം: ഡ്രൈവർമാരുടെ ലൈസൻസും ആധാർകാർഡും ‘കസ്റ്റഡിയിൽ’; വിജിലൻസ് സംഘത്തെ കണ്ട് എല്ലാം ഒളിപ്പിച്ച് എസ്‌ഐ; ഹൈവേ പെട്രോളിംഗ് സംഘത്തിന്റെ വാഹനങ്ങളിൽ  നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണക്കില്ലാത്ത പണം: ഡ്രൈവർമാരുടെ ലൈസൻസും ആധാർകാർഡും ‘കസ്റ്റഡിയിൽ’; വിജിലൻസ് സംഘത്തെ കണ്ട് എല്ലാം ഒളിപ്പിച്ച് എസ്‌ഐ; ഹൈവേ പെട്രോളിംഗ് സംഘത്തിന്റെ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡ്രൈവർമാരിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണം ഒളിപ്പിക്കുന്നത് സിഗരറ്റ് പാക്കറ്റിനുള്ളിൽ. രാത്രിയിൽ നന്നായി മദ്യപിച്ച്, ഇടവഴിയിൽ വാഹനം മാറ്റിയിട്ട് ഉറക്കം. വാഹനാപകടങ്ങൾ കുറയ്ക്കാൻ ആഭ്യന്തരവകുപ്പും പൊലീസും ചേർന്ന് നിരത്തിലിറക്കിയ ഹൈവേ പൊലീസ് സംഘത്തിന്റെ ലീലാവിലാസങ്ങളായി വിജിലൻസ് കണ്ടെത്തിയത് ഇവയാണ്. സംസ്ഥാനത്തെ 47 ഹൈവേ പൊലീസ് വാഹനങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിമുതൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
നിരവധി ഹൈവേ വാഹനങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും, ചില ഹൈവേ പെട്രോളിംഗ് വാഹനങ്ങളിലെ ഉദ്യോഗസ്ഥർ വാഹനങ്ങൾ റോഡരികിലേയ്ക്ക് മാറ്റിയിട്ട് ഉറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില വാഹനങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസും, ആധാർകാർഡും അടക്കമുള്ള രേഖകൾ അനധികൃതമായി പിടിച്ച് വച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറത്ത് വഴിക്കടവിലെ ഹൈവേ പെട്രോളിംഗ് വാഹനത്തിൽ നിന്നു 4222 രൂപയാണ് കണ്ടെത്തിയത്. ആലപ്പുഴ – ഓച്ചിറ റൂട്ടിലെ വാഹനത്തിൽ നിന്നും 2500 രൂപ സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. തിരുവല്ല – വടശേരിക്കര റൂട്ടിൽ പരിശോധന നടത്തുകയായിരുന്ന ഹൈവേ പെട്രോളിംഗ് വാഹനത്തിന്റെ ഫ്‌ളോർമാറ്റിനടിയിലായി ഒളിപ്പിച്ച നിലയിൽ രണ്ടായിരം രൂപയാണ് കണ്ടെത്തിയത്. തട്ടത്തുമല ഭാഗത്ത് പരിശോധന നടത്തിയ വാഹനത്തിൽ നിന്നും അനധികൃതമായി 900 രൂപയും, കൊല്ലം തെന്മല ഭാഗത്തെ വാഹനത്തിൽ നിന്നും ഇതേ തുകയും കണ്ടെത്തിയിട്ടുണ്ട്. അങ്കമാലി – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന വാഹനത്തിൽ നിന്നും 800 രൂപയാണ് പിടിച്ചെടുത്തത്. ഏറ്റുമാനൂരിലെ ഹൈവേ പെട്രോളിംഗ് വാഹനത്തിൽ നിന്നും 310 രൂപ കണ്ടെത്തിയപ്പോൾ, വയനാട് ബെത്തേരിയിലെ വാഹനത്തിൽ നൂറ് രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ആകെ നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 14000 രൂപയാണ് കണ്ടെത്തിയത്.
കരുനാഗപ്പള്ളി – പുതുകാവ്, തിരുവനനന്തപുരം കഴക്കൂട്ടം – വെട്ടുറോഡ്, കോഴിക്കോട് -കൊയിലാണ്ടി, മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളിലെ പെട്രോളിംഗ് വാഹനങ്ങൾ ഇവർക്ക് നിശ്ചയിച്ചിരുന്ന സ്്ഥലങ്ങളിൽ നിന്നു മാറി വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇട റോഡുകളിൽ വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്ത ശേഷം ഡ്രൈവർമാരും, ഉദ്യോഗസ്ഥരും ഉറങ്ങുന്നതായാണ് കണ്ടെത്തിയിരുന്നത്.
നെയ്യാറ്റിൻകരയിൽ വിജിലൻസ് സംഘത്തെ കണ്ട എസ്.ഐ വാഹനവുമായി കടന്നു കളഞ്ഞു. പിന്നീട്, ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എസ്.ഐയെ വിളിച്ചു വരുത്തുകയായിരുന്നു. എന്നാൽ, ഈ വാഹനത്തിനുള്ളിലുണ്ടായിരുന്ന തുക പൂർണമായും നീക്കം ചെയ്തതായി വിജിലൻസ് സംഘം കണ്ടെത്തി. തൃശൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുളത്തൂരിലെ പട്രോളിംഗ് വാഹനത്തിൽ നിന്നും അനധികൃതമായി സൂക്ഷിച്ച നാല് ഡ്രൈവിംഗ് ലൈസൻസും, ഒരു ആധാർ കാർഡും കണ്ടെത്തിയിട്ടുണ്ട്. റോഡ് അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കുന്നതിനായി വാഹനത്തിനുള്ളിൽ സൂക്ഷിക്കണമെന്ന് നിർദേശിച്ചിരുന്ന സ്ട്രക്ചറുകൾ, കുടകൾ, കയർ, ഹെൽമറ്റ് എന്നിവ മിക്ക വാഹനങ്ങളിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഡ്യൂട്ടിയ്ക്ക് കയറും മുൻപ് രേഖപ്പെടുത്തേണ്ട ക്യാഷ് ഡിക്‌ളറേഷൻ രജിസ്റ്ററിൽ അന്ന് ലഭിക്കാൻ സാധ്യതയുള്ള കൈക്കൂലിയ്ക്ക് ആനുപാതികമായ തുക രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.