റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു; കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു; അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മൂക്കിന് പരിക്ക്; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

തൊടുപുഴ: പട്ടാപകല്‍ നഗരമദ്ധ്യത്തിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച്‌ അപമാനിച്ച ശേഷം മർദ്ദിച്ചു.

video
play-sharp-fill

കൂടെയത്തിയ സഹപാഠികള്‍ക്കും ക്രൂര മർദ്ദനമേറ്റു. അക്രമികള്‍ നടത്തിയ കത്തി വീശലില്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് മുറിവേറ്റു. സംഭവത്തില്‍ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അക്രമം നടന്നത്. മൂവാറ്റുപുഴ നിർമ്മല കോളേജില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ തൊടുപുഴ ന്യൂമാൻ കോളേജില്‍ നടക്കുന്ന വടംവലി മല്‍സരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇതില്‍ ഒരു വിദ്യാർത്ഥിനിയും മൂന്ന് സഹപാഠികളും ചേർന്ന് മങ്ങാട്ടുകവലയിലുള്ള പ്രമുഖ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളില്‍ പെണ്‍കുട്ടിയുടെ തൊട്ടു പിറകിലിരുന്നയാള്‍ ദേഹത്ത് മനപ്പൂർവ്വം ചാരിയതിനെ ചൊല്ലി തർക്കമുണ്ടായി.
ദേഹത്ത് തട്ടിയ യുവാവിനെ പെണ്‍കുട്ടി രൂക്ഷമായി നോക്കിയപ്പോള്‍ യുവാക്കള്‍ പരസ്യമായി അശ്ലീല പദപ്രയോഗം നടത്തി. ഇതോടെ വീണ്ടും തർക്കം മൂർച്ഛിക്കുകയും തുടർന്ന് തന്റെ കരണത്ത് അടിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ ഭയന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ നാല് പേരും കൂടി തടഞ്ഞ് വച്ച്‌ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാക്കളില്‍ ഒരാള്‍ കത്തിയെടുത്ത് വീശിയപ്പോള്‍ ഒരു വിദ്യാർത്ഥിയുടെ മൂക്കിന് മുറിവേല്‍ക്കുകയും ചെയ്തു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ഒരാളുടെ ബൈക്ക് നാട്ടുകാർ പൊലീസിനെ ഏല്‍പ്പിച്ചു..

സംഭവത്തില്‍ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് തൊടുപുഴ പൊലീസ് കേസെടുത്തു. പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പടിയിലാകുമെന്നും പൊലീസ് പറഞ്ഞു. അക്രമികളില്‍ ഒരാള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലടക്കുകയും ചെയ്തയാളാണെന്നും പൊലീസ് സൂചിപ്പിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.