play-sharp-fill
കോട്ടയത്ത് വി.എൻ വാസവൻ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സാധ്യത ഇരട്ടിയാക്കി ഇടതു പക്ഷം; ജനപ്രിയനായ വാസവനെ ഇറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് കോട്ടയത്തെ മികച്ച വിജയം

കോട്ടയത്ത് വി.എൻ വാസവൻ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സാധ്യത ഇരട്ടിയാക്കി ഇടതു പക്ഷം; ജനപ്രിയനായ വാസവനെ ഇറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് കോട്ടയത്തെ മികച്ച വിജയം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പിനു ശേഷം കോട്ടയം തിരികെ പിടിക്കാൻ ലക്ഷ്യമിട്ട് സിപിഎം. ജനപ്രിയനും മുൻ എംഎൽഎയുമായ വി.എൻ വാസവനെ തന്നെ കളത്തിലിറക്കുന്നതോടെ ലക്ഷ്യമിടുന്നത് വിജയം തന്നെയാണ്. നിരവധി പേരുകൾ മാറി മറിഞ്ഞ സ്ഥാനാർത്ഥി പട്ടികയിൽ ഒടുവിൽ വാസവൻ തന്നെ എത്തുന്നത് വിജയം മാത്രം ലക്ഷ്യമിട്ടാണ്.
കഴിഞ്ഞ തവണ കേരള കോൺഗ്രസിലെ ജോസ് കെ.മാണി ഒന്നര ലക്ഷത്തിലധികം വോട്ടിന് വിജയിച്ച മണ്ഡലത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കുമ്പോൾ ലക്ഷ്യമിടുന്നത് വൻ വിജയം തന്നെയാണ്. ആറു മാസം മുൻപ് മണ്ഡലത്തെ ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുടെ താല്പര്യാർത്ഥം രാജ്യസഭയിലേയ്ക്ക് മത്സരിച്ചു വിജയിച്ച ജോസ് കെ.മാണിയുടെ ഈ നടപടി തന്നെ ലക്ഷ്യമിട്ടാണ് സിപിഎം ഇക്കുറി വോട്ട് രാഷ്ട്രീയത്തിന് ഇറങ്ങുന്നത്. ഇതൂകൂടാതെ കേരള കോൺഗ്രസുകൾ നേർക്കുനേർ മത്സരിക്കുമ്പോൾ വിഭജിക്കുന്ന വോട്ടുകളിലൂടെ വിജയിക്കാമെന്നാണ് ഇടതു മുന്നണി കണക്കു കൂട്ടുന്നത്. നേരത്തെ എംഎൽഎയായിരുന്നപ്പോഴുണ്ടായിരുന്ന വികസനത്തുടർച്ച ഇക്കുറി വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ വാസവനം തന്നെ ഇടതു മുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്.
നാല് തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചിരിക്കുന്ന വാസവൻ ഇത് ആദ്യമായാണ് പാർലമെന്റിലേയ്ക്ക് മത്സരിക്കുന്നത്. 1987 ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉമ്മൻചാണ്ടിയ്‌ക്കെതിരെ മത്സരിച്ചുകൊണ്ടാണ് വി.എൻ വാസവൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്നത്. എന്നാൽ, ആദ്യ തവണ പരാജയമായിരുന്നു ഫലം. തുടർന്ന് 1991 ൽ വീണ്ടും ഉമ്മൻചാണ്ടിയ്‌ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു. പിന്നീട്, പതിനഞ്ചു വർഷത്തോളം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്ന വാസവൻ 2006 ൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് തറയിലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്. തൊട്ടുപിന്നാലെ കോൺഗ്രസിലെ തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നു.
2015 ജനുവരിയിൽ നടന്ന സമ്മേളനത്തിലാണ് വാസവൻ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു മുൻപ് സി.ഐടിയു ജില്ലാ സെക്രട്ടറിയായിരുന്നു. റബ്‌കോ ചെയർമാൻ, ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കാലടി സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം, കെ.എസ്.വൈ.എഫ് ജോയിന്റ് സെക്രട്ടറി, ഡിവൈ.എഫ്.ഐ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 ൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം, 1997 ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗമായും, പാമ്പാടി ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് വാസവൻ.
പ്രളയകാലത്ത് ജില്ലയിലെ വിവിധ മേഖലകളിൽ നിർണ്ണായകമായ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്കിടയിൽ നിർണ്ണായയക സ്വാധീനവും ഇദ്ദേഹം നേടിയിട്ടുണ്ട്. അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ സേവന രംഗത്തും ഇദ്ദേഹം നിർണ്ണായകമായ ഇടപെടൽ നടത്തിയിട്ടുണ്ട്.