play-sharp-fill
വീണ്ടും ഭീകരാക്രമണ സാധ്യത വർധിപ്പിച്ച് ഭീകരനീക്കം: ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇന്റലിജൻസ്; കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി

വീണ്ടും ഭീകരാക്രമണ സാധ്യത വർധിപ്പിച്ച് ഭീകരനീക്കം: ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇന്റലിജൻസ്; കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി

സ്വന്തം ലേഖകൻ

ശ്രീനഗർ: പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ വീണ്ടും ജമ്മു കാശ്മീരിൽ ആക്രമണ നീക്കം ശക്തമാകുന്നതായി സൂചന. സൈനികനെ കാശ്മീരിൽ നിന്നും തട്ടിക്കൊണ്ടു പോയതിനു പിന്നാലെ, കൂടുതൽ സൈനിക കേന്ദ്രങ്ങൾക്കു ഭീഷണി ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രാദേശിക മേഖലകളിൽ ഭീകരർക്ക് നാട്ടുകാരുടെ പൂർണ പിൻതുണ നൽകുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിനിടെയാണ് സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയും പുറത്തുവന്നത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമെങ്കിലും കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.


ബദ്ഗാമിലെ വീട്ടിൽ നിന്നാണ് ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെയാണ് വീട്ടിൽ നിന്ന ബലമായി കൊണ്ടുപോയത്. പൂഞ്ച് രജിസ്ട്രേഷനുള്ള വാഹനത്തിൽ എത്തിയ തോക്കുധാരികളാണ് സൈനികനെ തട്ടിക്കൊണ്ടു പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബദ്ഗാമിൽ ഖാസിപോര ചഡൂരയിലെ വസതിയിൽ അവധിക്ക് വന്നതായിരുന്നു ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ മുഹമ്മദ് യാസിൻ. യാസിൻ ഭട്ട് അംഗമായി സേനയിലെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന് മണിക്കൂറുകൾക്ക് മുമ്ബാണ് തടടിക്കൊണ്ടു പോകൽ അരങ്ങേറിയത്. ഇത് പുൽവാമ മോഡൽ ഭീകരാക്രമണം ലക്ഷ്യമിട്ടാണോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

72 മണിക്കറുകളായി യാസിൻ എവിടെ ആണെന്ന് യാതൊരു അറിവും ലഭിച്ചിട്ടില്ല. ഈ സംഭവത്തോടെ സൈനിക താവളങ്ങൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മുഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു യാസീൻ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്.

യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. കരസേനയെയും അർദ്ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രദേശവാസികൾ പറയുന്നത് ഭീകരരാണ് തട്ടിക്കൊണ്ടുപോയത് എന്നാണ്.

2017 ൽ ഉമർ ഫയാസ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഷോപ്പിയാൻ ജില്ലയിൽ ലഫ്റ്റനന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഉമർ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പൊലീസും സൈന്യവും സംയുക്തമായി ഭീകരർക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമർ. സൈനികർ ഡ്യൂട്ടിയിലല്ലെങ്കിലും അവരെ ലക്ഷ്യമിടുന്ന ഭീകരരുടെ പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രശ്‌നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദർശനം സൈനികർ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ, അവധിയിലായിരുന്ന സൈനികനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലാണ് സംഭവം. സിആർപിഎഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്.

അവധിയിലായിരുന്ന നിസാർ അഹമദിനെ സ്വന്തം വീട്ടിൽ വച്ചാണ് തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോൺസ്റ്റബിളിനെ തീവ്രവാദികൾ കുൽഗാമിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ജവൈദ് ദാർഷ എന്ന കോൺസ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയിൽ; കണ്ടെത്തിയിരുന്നു.ജൂണിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ സൈനികൻ ഔറംഗസേബിന്റെ മൃതദേഹം ജൂൺ 14 ന് പുൽവാമയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി.