video
play-sharp-fill
‘ആയൂർവേദ ചികിത്സക്ക് നല്ല ഡിമാൻഡ്, ദിവസേന ആയിരങ്ങള്‍ സമ്പാദിക്കാം’, ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ  വിദേശിയുടെ വാഗ്ദാനം!  കേട്ടപാടെ ജോലിക്കായി പറന്ന കോട്ടയം, പാലക്കാട് സ്വദേശികള്‍, നേരിട്ടത്  കൊടിയ പീഡനവും പട്ടിണിയും

‘ആയൂർവേദ ചികിത്സക്ക് നല്ല ഡിമാൻഡ്, ദിവസേന ആയിരങ്ങള്‍ സമ്പാദിക്കാം’, ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശിയുടെ വാഗ്ദാനം! കേട്ടപാടെ ജോലിക്കായി പറന്ന കോട്ടയം, പാലക്കാട് സ്വദേശികള്‍, നേരിട്ടത് കൊടിയ പീഡനവും പട്ടിണിയും

 

റിയാദ്: ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ സൗദി പൗരെൻറ മോഹന വാഗ്ദാനത്തില്‍ പെട്ട് ജോലിക്കായി സൗദിയിലെത്തിയ മലയാളി യുവാക്കള്‍ക്ക് കൊടിയ പീഡനവും പട്ടിണിയും.കഴിഞ്ഞ ആറു വർഷത്തിലേറെയായി സ്ഥിരമായി കേരളത്തില്‍ ആയുർവേദ ചികിത്സക്കെത്തിയിരുന്ന സൗദി പൗരന് ചികിത്സ നല്‍കിയിരുന്ന വൈക്കം സ്വദേശിയായ എല്‍ദോ കൃഷ്ണൻ, പാലക്കാട് ചിറ്റൂർ സ്വദേശി പ്രേം കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

വർഷം തോറും സ്ഥിരമായി എത്തിയിരുന്ന പൗരനുമായി ഇവർ സുഹൃത്ത് ബന്ധത്തിലാവുകയും സൗദിയില്‍ ആയൂർവേദ ചികിത്സക്ക് നല്ല ഡിമാൻഡ് ആണെന്നും അവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ എല്ലാം ഒരുക്കി തരാമെന്നും, ദിവസേന ആയിരങ്ങള്‍ സമ്ബാദിക്കാമെന്നുമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കി. ഭാവി സുരക്ഷിതമാക്കാൻ നല്ല അവസരമാണ് വന്നു ചേർന്നിരിക്കുന്നത് എന്ന വിശ്വാസത്തില്‍ സൗദിയിലേക്ക് യാത്ര തിരിക്കുകയുമായിരുന്നു.

 

റിയാദിലെ എയർപോർട്ടില്‍ സ്വീകരിക്കാൻ സൗദി പൗരൻ എത്തുകയും രണ്ടുപേരെയും തെൻറ സ്വദേശമായ റിയാദില്‍നിന്ന് 300 കിലോമീറ്ററകലെ അല്‍ഖുവയ്യയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.സൗദിയില്‍ എത്തിയ ഉടനെ വീട്ടുകാർക്ക് വിവരം നല്‍കിയതല്ലാതെ പിന്നീട് ഇവരുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാല്‍ നാട്ടില്‍ നിന്നും മദീനയിലെ നവോദയ സാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും ജീവകാരുണ്യകമ്മിറ്റി അംഗം നിസാർ കരുനാഗപ്പള്ളി, റിയാദിലെ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖിനെ വിവരമറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയില്‍ വിവരം നല്‍കിയ ശേഷം കേളി പ്രവർത്തകർ നടത്തിയ അന്വേഷണത്തില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ അല്‍ ഖുവയ്യയിലും 380 കിലോമീറ്ററകലെ അല്‍ റെയ്‌നിലുമായി വ്യത്യസ്ത ഇടങ്ങളിലായി രണ്ടുപേരുമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുഭൂമിയിലെ റൂമുകളില്‍ താമസിപ്പിച്ച ഇവരെ കൊണ്ട് സൗദി സ്വദേശിയും സുഹൃത്തുക്കളും ഉഴിച്ചില്‍ പോലുള്ള ജോലികള്‍ ചെയ്യിപ്പിക്കുകയും ഭക്ഷണമോ വെള്ളമോ പോലും നല്‍കാതെ പീഡിപ്പിക്കുകയുമായിരുന്നു. നാട്ടിലേക്ക് ഫോണ്‍ വിളിക്കാൻ കഴിഞ്ഞിരുന്നില്ല. പുറംലോകവുമായി ബന്ധം പുലർത്തുവാൻ പോലും സാധിക്കാതെ മാനസികമായും ശാരീരികമായും തളർന്ന ഇവർ നാട്ടിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് ഉറപ്പിച്ച അവസ്ഥയിലായിരുന്നു. ചില ദിവസങ്ങളില്‍ ‘പൊതീന’ പോലുള്ള ഇലകള്‍ മാത്രം കഴിച്ചു വിശപ്പടക്കിയതായും ഇവർ പറയുന്നു. നാട്ടില്‍ നിന്നും വിസ നടപടികള്‍ ശരിയാക്കിയ ട്രാവല്‍സുമായി ബന്ധപെട്ടപ്പോള്‍ വിസിറ്റ് വിസയിലാണ് രണ്ടുപേരും സൗദിയിലെത്തിയതെന്ന് മനസ്സിലായി.

പാസ്പോർട്ട് കൈയ്യിലുണ്ടെങ്കില്‍ മറ്റ് നിയമ തടസങ്ങളില്ലാതെ നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ ഇരുവരെയും ബന്ധപ്പെടാൻ യാതൊരു നിർവാഹവും ഇല്ലാത്ത അവസ്ഥയില്‍ നാട്ടില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുകയാണെങ്കില്‍ കേളി പ്രവർത്തരുടെ നമ്ബർ കൈമാറാൻ നിർദ്ദേശിച്ചു. അതിനിടെയിലാണ് ടാങ്കർ വെള്ളം എത്തിക്കുന്ന ഡ്രൈവറുടെ നമ്ബറില്‍ നിന്നും നാട്ടിലേക്ക് എല്‍ദോ മെസ്സേജ് അയക്കുന്നത്. വീട്ടുകാർ ആ നമ്ബർ കേളി പ്രവർത്തകർക്ക് കൈമാറുകയും നമ്ബർ കേന്ദ്രീകരിച്ച അന്വേഷണത്തില്‍ ലൊക്കേഷൻ മനസ്സിലാക്കുകയും ചെയ്‌തു.

അതിനിടെയില്‍ ഒരു പ്രാവശ്യം സാഹസികമായി പുറത്തുകടന്ന എല്‍ദോ കൃഷ്ണൻ ബഹുദൂരം അലക്ഷ്യമായി മരുഭൂമിയിലൂടെ നടന്നു. രക്ഷപ്പെടുവാൻ നടത്തിയ ശ്രമത്തിനിടെ തളർന്ന എല്‍ദോ സഹായത്തിനായി കൈകാണിച്ച വാഹനം സൗദി പൗരേൻറതായിരുന്നു. വീണ്ടും എല്‍ദോ തടവിലായി.കേളി പ്രവർത്തകർ അതിസാഹസികമായി ഒറ്റ രാത്രിയില്‍ രണ്ടു വാഹനങ്ങളിലായി പോയി ഇരുവരെയും രക്ഷപ്പെടുത്തി റിയാദ് എയർപോർട്ടില്‍ എത്തിക്കുകയും നാട്ടില്‍ നിന്നും

എടുത്തുനല്‍കിയ ടിക്കറ്റില്‍ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. 15 ദിവസത്തെ ദുരിത ജീവിതം പ്രവാസത്തെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും തെറ്റായ ചിത്രമാണ് ഇവരില്‍ ഉണ്ടാക്കിയിട്ടുള്ളത്. കേളി പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് ഇത്തരം തെറ്റായ ചിന്തകള്‍ മാറ്റിയെടുക്കാനും യഥാർഥ ചിത്രം ബോധ്യപ്പെടുത്താനും സാധിച്ചു.