തകരാറുകൾ പരിഹരിച്ച് ആകാശപാത പണിയാൻ സാധിക്കുമോ? മാർച്ച് 03 നകം സർക്കാർ വ്യക്തമായ മറുപടി നൽകണം. ഹൈക്കോടതി; കോട്ടയത്തെ ആകാശപാതയ്ക്ക് പല ഭാഗത്തും ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട് ; നടപടി തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ
കോട്ടയം: ആകാശപാതയ്ക്ക് പല ഭാഗത്തും ബലക്ഷയമെന്നുള്ള ഐഐടി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിശോധിച്ചു. തുടർന്ന് തകരാറുകൾ പരിഹരിച്ച് ആകാശപാത പണി പൂർത്തീകരിക്കാൻ സാധിക്കുമോയെന്ന് മാർച്ച് 03 നകം സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എട്ട് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം. അല്ലങ്കിൽ പൊളിച്ച് കളയണം ഈ അവശ്യം ഉന്നയിച്ച് 2022 ലാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയേ സമീപിച്ചത്.
സംസ്ഥാന സർക്കാരിനേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും, ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചതിനേ തുടർന്ന് പണി പൂർത്തിയാക്കാം എന്ന നിലപാട് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചു. എന്നാൽ നിലവിൽ പകുതി പണിത് നിർത്തിയിരിക്കുന്ന ആകാശപാതയുടെ ബലം പരിശോധിക്കണമെന്നും അതിന് ശേഷമേ പണിയാവൂ എന്ന തടസഹർജി തേർഡ് ഐ ന്യൂസ് ഹൈക്കോതിയിൽ നൽകി. ഇതേ തുടർന്ന് ആകാശപാതയുടെ ബലം പരിശോധിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ഹൈക്കോടതി പാലക്കാട് ഐഐടി യോട് നിർദ്ദേശിച്ചു.
ആകാശപാതയുടെ ബലം പരിശോധിച്ച റിപ്പോർട്ട് കഴിഞ്ഞ മാസം പാലക്കാട് ഐഐടി ഹൈക്കോടതിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്.
ആകാശപാതയുടെ മുകളിലേക്ക് കയറാൻ എസ്കലേറ്റർ, നടകൾ, ലിഫ്റ്റ് ഇവയിൽ ഏതാണ് ഉചിതമെന്നും, എവിടെയാണ് ഇവ നിർമിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ അടക്കമുള്ളവർ പരിശോധിച്ചിരുന്നു.
2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.
ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ആവശ്യമില്ലേൽ പൊളിച്ച് കളഞ്ഞു കൂടേ എന്ന് വാക്കാൽ പരാമർശവും നടത്തിയിരുന്നു.
കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി