
കോട്ടയം : ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി നിലവിലെ എംപി തോമസ് ചാഴികാടനെതന്നെ വീണ്ടും മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം തീരുമാനിച്ചു. സ്റ്റിയറിങ് കമ്മിറ്റി – സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആണ് ചാഴികാടന്‍റെ പേര് പ്രഖ്യാപിച്ചത്.
മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍, എംഎല്‍എമാര്‍ എന്നിവരടക്കം യോഗങ്ങളില്‍ സംബന്ധിച്ചു. സംസ്ഥാനത്ത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ചാഴികാടന്‍റേത്. ഇതുവരെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് സംസ്ഥാനത്ത് നൂറു ശതമാനം എംപി ഫണ്ട് വിനിയോഗിച്ച ഏക എംപിയാണ് തോമസ് ചാഴികാടന്‍. കേരളാ കോണ്‍ഗ്രസ് ചാഴികാടനെ ഉയര്‍ത്തി കാട്ടുന്നതും ഈ മികവ് ചൂണ്ടിക്കാട്ടിയാണ്. ഇരുപതില്‍ ഒന്നാമന്‍ എന്നാണ് ജോസ് കെ മാണി ചാഴികാടനെ വിശേഷിപ്പിച്ചത്.
ബാങ്ക് മാനേജരായി തുടക്കം, പിന്നെ നിയമസഭയിലേയ്ക്ക്. ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തിറങ്ങി കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്. 1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടൻ പൊതു പ്രവർത്തന രംഗത്ത് കാലൂന്നുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്നിയങ്കത്തിൽ 1991ൽ ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന 2011, 2016 നിയമ സഭാ തെരെഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ആകെ ഏഴ് മത്സരങ്ങളില്‍ 5 ലും വിജയിച്ചു. കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ തോമസ് ചാഴികാടൻ, പാർലമെന്റിലെ സാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് & എംപവർമെന്റ് കമ്മിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം, ഊർജ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസഥാന തല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
നിയമസഭാഗം എന്ന നിലയിൽ നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി ചെയർമാൻ, പേപ്പേഴ്സ് ലെയിഡ് ഓൺ ടേബിൾ കമ്മിറ്റി ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, കൃഷി, ജലസേചനം, വൈദ്യുതി വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ, നെൽവയൽ നീർത്തട സംരക്ഷണ ബിൽ സെലക്ട് കമ്മിറ്റിയംഗം, കേരളാ നിയമസഭയുടെ പാനൽ ഓഫ് ചെയർമാൻ അംഗം, കേരളാ കോൺഗ്രസ് എം പാർലമെൻററി പാർട്ടി ചീഫ് വിപ്പ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു .
കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ ജനിച്ച തോമസ് ചാഴികാടൻ, അരീക്കര സെൻറ് റോക്കീസ് സ്കൂൾ, വെളിയന്നൂർ വന്ദേമാതരം സ്കൂൾ, ഉഴവൂർ ഔർ ലേഡി ഓഫ് ലൂർദ്സ് സ്കൂൾ, എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ഉഴവൂർ സെന്റ് സ്റ്റീഫൻസ്, കുറവലങ്ങാട് ദേവമാതാ കോളേജുകളിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഫീസറായി ജയിച്ച് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിൽ ചേർന്ന ചാഴികാടൻ (നിലവിലെ പഞ്ചാബ് നാഷണൽ ബാങ്ക്) മാനേജരായിരിക്കെയാണ് പൊതുരംഗത്തിറങ്ങിയത്. അഡിഷണൽ ചീഫ് ടൗൺ പ്ലാനറായി വിരമിച്ച ആൻ ജേക്കബ് ആണ് ഭാര്യ.