ഹൈറിച്ച് തട്ടിപ്പ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; ജാമ്യം അനുവദിക്കരുതെന്ന് ഇഡി
സ്വന്തം ലേഖകൻ
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പ്രതാപനും ശ്രീനയും നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. 1630 കോടിയോളം രൂപ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ബിസിനസ് എന്ന പേരിൽ വലിയ തുകകൾ വാഗ്ദാനം നൽകി മണി ചെയിൻ തട്ടിപ്പ്, കുഴൽ പണം തട്ടിപ്പ്, ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ.