മണ്ഡലത്തെ പാതിയിൽ ഉപേക്ഷിച്ച് സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് ജനങ്ങളെ: ഉപതിരഞ്ഞെടുപ്പിന് ഒരു മണണ്ഡലത്തിൽ സർക്കാരിന് ചിലവ് രണ്ടു കോടി; രാഷ്ട്രീയ പാർട്ടികൾ വാരിയെറിയുക പത്തു കോടി വരെ; ജനത്തെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോ എം.എൽഎമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മണ്ഡലത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് മത്സരരംഗത്തിറങ്ങിയ സിറ്റിംഗ് എംഎൽഎമാർ വെല്ലുവിളിക്കുന്നത് അവരുടെ വോട്ടർമാരും സാധാരണക്കാരുമായ ജനങ്ങളെ. നിലവിൽ ആറ് സിറ്റിംഗ് എംഎൽഎമാർ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചോളം എംഎൽഎമാരുടെ പേരുകൾ വിവിധ പാർലമെന്റ് മണ്ഡലങ്ങളിൽ ഉയർന്നു കേൾക്കുകയും ചെയ്യുന്നു. സിപിഐയുടെ പട്ടികയിൽ രണ്ട് എംഎൽഎമാരാണ് ഉള്ളത്. തിരുവനന്തപുരത്ത് സി.ദിവാകരനും, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും. സിപിഎമ്മിന്റെ പട്ടികയിൽ കോഴിക്കോട് എ.പ്രദീപ്കുമാർ, പത്തനംതിട്ടയിൽ വീണാ ജോർജ്, ആലപ്പുഴയിൽ എ.എം ആരിഫ് എന്നിവരുടെ പേരുകൾ ഉറപ്പിച്ചിട്ടുണ്ട്. പൊന്നാനിയിൽ നിലമ്പൂർ എം.എൽഎ പി.വി അൻവറിന്റെ പേരാണ് സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ഇവിടെ ഇപ്പോൾ മറ്റൊരു സ്ഥാനാർത്ഥിയെയാണ് പരിഗണിക്കുന്നത്.
കോൺഗ്രസിന്റെ പട്ടികയിലും ഒരു പിടി എം.എൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആദ്യം മുതൽ ഉയർന്ന് കേൾക്കുന്നത് രണ്ട് എംഎൽഎമാരുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻചാണ്ടിയുടെ പേരാണ് ആദ്യം മുതൽ മണ്ഡലത്തിൽ ഉയർന്ന് കേട്ടത്. പിന്നാലെ, തൊടുപുഴ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെ പേരും ഉയർന്നു വന്നു. ഏറ്ററവും ഒടുവിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിന്റെ പേരാണ് ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി കോട്ടയത്ത് പരിഗണിക്കുന്നത്.
എന്നാൽ, ഇവരിൽ ഏതെങ്കിലും ഒരു എംഎൽഎ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഒരു നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ശരാശരി രണ്ടു കോടി രൂപയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന് ചിലവ് വരും. അഞ്ചു മണ്ഡലങ്ങളിലെങ്കിലും എംഎൽഎമാർ വിജയിച്ചാൽ പത്തു കോടിരൂപ തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രം ഉപതിരഞ്ഞെടുപ്പ് ഇനത്തിൽ മാത്രം വേണ്ടി വരും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാവും സർക്കാരിന് ഉണ്ടാകുക.
ഇതുകൂടാതെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ചിലവഴിക്കുന്ന തുക. ഒരു മണ്ഡലത്തിൽ ചിലവഴിക്കാവുന്ന തുകയ്ക്ക് കമ്മിഷൻ കണക്ക് വച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നാലിരട്ടി തുകയാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊടിച്ചു കളയുക. തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലാതെ അനൗദ്യോഗിക കണക്കുകൾ പ്രകാരം പത്തു കോടി രൂപയെങ്കിലും ഉപതിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ മണ്ഡലങ്ങളിൽ ചിലവഴിക്കാറുണ്ട്.
വിജയസാധ്യത മാത്രം നോക്കിയാണ് രാഷ്ട്രീയ പാർട്ടികൾ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. എന്നാൽ, ഏറെ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ ഒരു എംഎൽഎയെ മത്സരിപ്പിച്ച് വിജയിപ്പിക്കേണ്ട ഗതികേടൊന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടായിട്ടില്ല. ഓരോ മണ്ഡലത്തിലും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നേതൃഗുണമുള്ള നിരവധിപ്പേർ രാഷ്ട്രീയ പാർട്ടികളിലുണ്ട്. എന്നാൽ, ഇതിന് തുനിയാതെ എളുപ്പവഴിയിൽ ക്രിയ ചെയ്യാനാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ഇത് കനത്ത തിരിച്ചടിയാകുമെന്നും, ജനങ്ങൾ പ്രതികരിക്കുമെന്നും ഉറപ്പാണ്.