തണ്ണീർമുക്കം ബണ്ടിലെ മണ്‍ചിറയിലും കായലോരത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു; സഞ്ചാരികള്‍ക്കായി യാതൊരു സൗകര്യവുമേർപ്പെടുത്തിയിട്ടില്ല, സമീപ ജില്ലകളില്‍ നിന്നടക്കം നിരവധിപ്പേർ തണ്ണീർമുക്കം ബണ്ടിലെത്തുന്നു
വെച്ചൂർ:തണ്ണീർമുക്കം ബണ്ടിലെ മണ്‍ചിറയിലും കായലോരത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു. സമീപ ജില്ലകളില്‍ നിന്നടക്കം നിരവധിപ്പേരാണ് തണ്ണീർമുക്കം ബണ്ടിലെത്തുന്നത്. ബണ്ടിലെത്തുന്നവർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളാണ് കായലോരത്തും മണ്‍ചിറയിലും നിറയുന്നത്. ഇവയ്ക്കു പുറമെ ഇവിടെ വഴിവാണിഭം നടത്തുന്നവർ പുറന്തള്ളുന്ന ജൈവ, അജൈവ മാലിന്യങ്ങളും ഇവിടെ മലിനമാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിനാളുകളെത്തുന്ന തണ്ണീർമുക്കം ബണ്ടിന്‍റെ വിനോദസഞ്ചാര പ്രാധാന്യം വളരെ വലുതാണെങ്കിലും സഞ്ചാരികള്‍ക്കായി ഇവിടെ യാതൊരു സൗകര്യവുമേർപ്പെടുത്തിയിട്ടില്ല. മണ്‍ചിറയും കായലോരവും വൃത്തിയാക്കി കുടുംബശ്രീ വനിതാ ഗ്രൂപ്പിനേ മറ്റോ ലഘുഭക്ഷണശാല ആരംഭിക്കുന്നതിന് അനുമതി നല്‍കിയാല്‍ സഞ്ചാരികള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.