കേരള പദയാത്രയ്ക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം:
സ്വന്തം ലേഖകൻ
കോട്ടയം: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം. തിരുനക്കര പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം എൻ ഡി എ കൺവീനർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പി സി ജോർജ് ആമുഖ പ്രസംഗം നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. . ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര സംക്രാന്തിയിൽ സമാപിച്ചു. ആയിരങ്ങൾ പങ്കെടുത്ത പദയാത്രയിൽ പകുതിയിലധികവും സ്ത്രീകളായിരുന്നു. മുത്തുക്കുടകളും വെഞ്ചാമരങ്ങളുമേന്തിയ സ്ത്രീകൾ നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതികൾ പതിപ്പിച്ച പ്ലക്കാർഡുകൾ കൈകളിലേന്തിയിരുന്നു.
മോദിയുടെ ചിത്രം ആലേഖനം ചെയ്ത മുഖംമൂടി ധരിച്ച പ്രവർത്തകർ യാത്രയുടെ മുമ്പിൽ അണിനിരന്നു. വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും പദയാത്രയിൽ അണിനിരന്നു. മോദി സർക്കാരിൻ്റെ വിവിധ ജനപ്രിയ പദ്ധതികൾ അനൗൺസ്മെൻ്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഢിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. യാത്രയിൽ വിവിധ കേന്ദ്ര പദ്ധതികളിൽ അംഗമായവരെയും സുരേന്ദ്രൻ അഭിസംബോധന ചെയ്തു.
കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ അംഗമാക്കുവാൻ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്ക് വാഹനവുമുണ്ടായിരുന്നു. നിരവധി പേരാണ് ഇതിലൂടെ വിവിധ മോദി സർക്കാർ പദ്ധതികളിൽ അംഗങ്ങളായത്. വിവിധ പാർട്ടികളിൽ നിരവധി പേർ ബിജെപിയിൽ ചേർന്നു. പുതുതായി പാർട്ടിയിൽ ചേർന്നവരെ കെ.സുരേന്ദ്രൻ സ്വീകരിച്ചു. എൻഡിഎയുടെ മുഴുവൻ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയിൽ
പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി ദേശീയ നിർവാഹസമിതി അംഗം പി കെ കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ ജി തങ്കപ്പൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ,ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ നാരായണൻ നമ്പൂതിരി, അഡ്വ ടി പി സിന്ധുമോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.