രാജേഷിന്റെ ആത്മഹത്യ ഉന്നതതലപോലീസ് അന്വേഷണം വേണം ജോസ് കെ.മാണി: പ്രതിഷേധവുമായി യൂത്ത് ഫ്രണ്ടും
സ്വന്തം ലേഖകൻ
പാലാ : കടനാട് പനച്ചിക്കാലായില്‍ പി.ആര്‍ രാജേഷ് ആത്മഹത്യചെയ്യാന്‍ ഇടയാക്കിയ സാഹചര്യത്തെ സംബന്ധിച്ച് ഉന്നതതല പോലീസ് അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും എം.പി ആവശ്യപ്പെട്ടു.
കനാട് വല്ല്യാത്ത് പനച്ചിക്കച്ചാലിൽ രാജേഷി നെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്ത് 3 ദിവസം അനധികൃതമായി പോലീസ് കസ്റ്റഡിയിൽ വച്ച് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മർദിക്കുകയും അയതിൽ മനം നൊന്ത് രാജേഷ്് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരനായ മേലുകാവ് എസ് ഐ അടക്കമുള്ള കൂട്ടാളികൾക്കുമെതിരേ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
എൽ ഡി എഫ് ഭരണത്തിൻ കീഴിൽ കേരളത്തിൽ പോലീസ് ഭീകരത നടമാടുകയാണെന്നും വരാപ്പുഴയിലെ ശ്രീജിത്തിനെ ലോക്കപ്പിൽ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഇപ്പോൾ രാജേഷും പോലീസ് പീഢനത്തിൽ മരണപ്പെട്ടിരിക്കുന്നത് എൽ ഡി എഫ് ഭരണത്തിൻ കീഴിലുള്ള പോലീസ് രാജിന്റെ തെളിവാണെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ യൂത്ത് ഫ്രണ്ട് എം പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.