വീടുകയറി ഗുണ്ടാആക്രമണം; വയോധികയെ വാക്കറില്‍ നിന്നും തള്ളി താഴെയിട്ടു; ഗൃഹനാഥനെ നെഞ്ചില്‍ കുത്തി പരിക്കേൽപ്പിച്ചു; വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തും വിളയാട്ടം

Spread the love

ആലപ്പുഴ: കളർകോട്ട് വീടുകയറി ഗുണ്ടാക്രമണം.

കൈതവന ജങ്ഷന് കിഴക്കുവശം ബീനാ കോട്ടേജില്‍ നളിനാക്ഷിയുടെ (82) വീട്ടിലാണ് രണ്ടംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. പണം ചോദിച്ച്‌ ആക്രോശിച്ചു കൊണ്ടെത്തിയ ഗുണ്ടകള്‍ നളിനാക്ഷിയുടെ മകൻ ജെ.കിഷോറിനെ (55) നെഞ്ചില്‍ കുത്തുകയും വെട്ടുകയും ചെയ്തു. പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഗുണ്ടകള്‍ പണം എടുക്കടാ എന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് കാര്യം അന്വേഷിച്ച നളിനാക്ഷിയെ വാക്കറില്‍ നിന്നും വലിച്ചു താഴെയിടുകയും കിഷോറിനെ കുത്തുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ആയിരുന്നു. വീട്ടിലെ ടിവി, കസേരകള്‍, സെറ്റി, ഫ്രിജ് എന്നിവ തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഞാനും മരുമകളും കൊച്ചുമകളും കിഷോറും ചായ കുടിക്കുകയായിരുന്നു. കോളിങ് ബെല്‍ ശബ്ദം കേട്ട് മരുമകള്‍ കതക് തുറന്നപ്പോള്‍ രണ്ടുപേർ നില്‍ക്കുന്നു. ഒരാള്‍ വടിവാളും മറ്റൊരാള്‍ കഠാരയും ഊരിപ്പിടിച്ച്‌ കതക് തള്ളിത്തുറന്നു വീടിനുള്ളിലേക്കു കയറി. പണം എടുക്കെടാ എന്ന് അലറി മുറിയിലെ ഉപകരണങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി.

തടയാൻ ശ്രമിച്ച മകന്റെ നെഞ്ചില്‍ കുത്തി. കയ്യില്‍ വെട്ടി. വന്നവരെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. വാങ്ങിയ പണം താടാ എന്നയാള്‍ ആക്രോശിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് ആരുമായും സാമ്പത്തിക ഇടപാടില്ല” നളിനാക്ഷി പറഞ്ഞു. കൊച്ചുമകളുടെ ഭർത്താവുമായി സാമ്ബത്തിക ഇടപാടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ സംശയം.