പിസി ജോർജിന്‍റെ വരവ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പിന്തുണയുടെ തെളിവാണ് ; കൂടുതൽ പേർ ബിജെപിയിലെത്തുമെന്ന് നേതൃത്വം
സ്വന്തം ലേഖകൻ
ദില്ലി: പിസി ജോർജിന് പിന്നാലെ കൂടുതൽ പേർ കേരളത്തിൽനിന്ന് ബിജെപിയിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹൻദാസ് അഗര്‍വാൾ പറഞ്ഞു. പിസി ജോർജിന്‍റെ വരവ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പിന്തുണയുടെ തെളിവാണെന്നും, രാഹുൽ ഗാന്ധിക്ക് ഇത്തവണ വയനാട്ടിലെ മത്സരം എളുപ്പമാകില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ നേതാക്കളെ ബിജെപിയിലെത്തിക്കാൻ ദേശീയ നേതൃത്ത്വം നീക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെയാണ് കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുന്നത്. അനിൽ ആന്‍റണിയും ഓർത്തഡോക്സ് സഭാ വൈദികൻ ഫാദർ ഷൈജു കുര്നും ഇപ്പോൾ പിസി ജോർജും ബിജെപിയിലെത്തി.രാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നും ബിജെപിക്ക് കിട്ടുന്ന പിന്തുണയുടെ കൂടി തെളിവാണിതെന്നാണ് രാധാമോഹൻദാസ് അഗര്‍വാൾ അവകാശപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായതുകൊണ്ടാണ് മോദി ആവർത്തിച്ച് സന്ദർശനം നടത്തിയത്. തൃശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കും. ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലും ബിജെപി മിന്നുന്ന വിജയം നേടും.രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തും. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന രാഹുലിന്റെ നിലപാട് മുസ്ലീം വിഭാഗത്തെ പ്രീതിപ്പെടുത്താനാണ്. ഇത്തവണ രാഹുലിന് വയനാട്ടിൽ കിട്ടുന്ന വോട്ടിൽ കാര്യമായ കുറവുണ്ടാകും.
പ്രകാശ് ജാവ്ദേക്കറിനൊപ്പം കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജന സെക്രട്ടറിയാണ് യുപിയിൽനിന്നുള്ള എംപിയായ രാധാമോഹൻദാസ് അഗ്രവാൾ. കേരളത്തിലെ 6 എപ്ലസ് മണ്ഡലങ്ങളിൽ തൃശൂർ പാലക്കാട് മണ്ഡലങ്ങളിലെ പ്രചാരണത്തിന്‍റെ ഏകോപന ചുമതല രാധാമോഹൻദാസ് അഗര്‍വാളിനാണ്. ദേശീയ തലത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ ചുമതലയുള്ള രാധാമോഹൻദാസ് കേരളത്തിന്‍റെ സോഷ്യൽമീഡിയ സെൽ ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ പരസ്യമായി പ്രതികരിച്ചത് നേരത്തെ വിവാദമായിരുന്നു.