സഹിക്കാനാകാത്ത വേനല്‍ച്ചൂടില്‍ നാട് ; അതേസമയം രാത്രിയില്‍ തണുപ്പും, കൂടെക്കൂടി രോഗങ്ങള്‍

Spread the love

 

എരുമേലി: സഹിക്കാനാകാത്ത വേനല്‍ച്ചൂടില്‍ നാട്. പകല്‍സമയത്ത് അത്യുഷ്ണമാണ്. അതേസമയം രാത്രിയില്‍ തണുപ്പും. രണ്ടും രോഗങ്ങള്‍ക്കു കാരണമാവുകയാണ്.കടുത്ത ജലദോഷം, പനി, തുമ്മല്‍, മൂക്കൊലിപ്പ് എന്നിവയാണ് പലരിലും പ്രകടമാകുന്നത്. നട്ടുച്ചയ്ക്ക് റോഡില്‍ ഇറങ്ങാൻ കഴിയാത്ത വിധമാണ് ചൂട്. രാത്രിയില്‍ തണുപ്പും തണുത്ത കാറ്റും പുലർച്ചെ മഞ്ഞുമാണ്.

 

 

 

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിരവധിപ്പേരാണ് എരുമേലി സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. വിട്ടുമാറാത്ത പനിയാണ് മിക്കവർക്കും. പകല്‍സമയത്ത് ചൂട് സഹിച്ച്‌ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കൈതക്കൃഷി നടത്തുന്ന തോട്ടങ്ങളില്‍ പലയിടത്തും തലയില്‍ വലിയ തൊപ്പിയും നെടുനീളൻ കോട്ടും ധരിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. പകല്‍ യാത്രാബസുകളില്‍ ചൂടുമൂലം യാത്രക്കാർ പ്രയാസപ്പെടുന്നു. പലരും പകല്‍സമയത്തെ യാത്ര ഒഴിവാക്കുകയാണ്.

 

 

 

പലയിടത്തും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. ശുദ്ധജലം കുറഞ്ഞു കൊണ്ടിരിക്കുന്നു. ശീതളപാനീയ വില്പന വർധിക്കുന്നുണ്ട്. സോഡാനാരങ്ങാവെള്ളം, കുലുക്കി സർബത്ത് എന്നിവയുടെ വില്പനയ്ക്കു പ്രചാരം കൂടി. റോഡുകളില്‍ ഇത്തരം താത്കാലിക കടകള്‍ വർധിച്ചിട്ടുണ്ട്. ശീതളപാനീയങ്ങള്‍ കഴിച്ചാലും ദാഹം മാറുന്നില്ലെന്നു മിക്കവരും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

നദികളിലും തോടുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. മിക്കയിടത്തും ജലം മലിനമാണ്. ഇനി മൂന്നു മാസത്തോളം കടുത്ത ചൂടും അതിശൈത്യവും കാലാവസ്ഥയില്‍ നേരിടേണ്ടി വരും. ഇതിനിടെ മഴ പെയ്താലാണ് ആശ്വാസമാവുക. ഇത്തവണ വേനല്‍മഴ കാര്യമായി ലഭിക്കില്ലെന്നാണ് സൂചന.