ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ജീവനക്കാരെ നിയോഗിച്ച്‌ പണം പിരിച്ചെന്ന് പരാതി; സ്വപ്നക്കൂട് ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം

Spread the love

 

തിരുവനന്തപുരം: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ജീവനക്കാരെ നിയോഗിച്ച്‌ പണം പിരിച്ചെന്ന് പരാതി ഉയര്‍ന്ന തിരുവനന്തപുരം സ്വപ്നക്കൂട് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം.

 

ജീവനക്കാരുടെ പേരില്‍ അവരറിയാതെ ട്രസ്റ്റ് തുടങ്ങിയെന്ന പരാതിയിലാണ് സൊസൈറ്റി സെക്രട്ടറി ഹാരിസിനെതിരെ പൊലീസ് കേസെടുത്തത്. സ്വപ്നതീരം ചാരിറ്റബിള്‍ കൂട്ടായ്മയെന്ന പേരില്‍ കൂത്താളിയില്‍ ട്രസ്റ്റ് തുടങ്ങിയെന്നായിരുന്നു പരാതി.

 

തിരുവനന്തപുരത്തെ സ്വപ്നക്കൂടെന്ന ജീവകാരുണ്യ സ്ഥാപനത്തിന്‍റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ ജീവനക്കാരെ നിയോഗിച്ച്‌ പിരിവ് നടത്തി പണം തട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്വപ്നക്കൂടിന്‍റെ സെക്രട്ടറിയായ ആലപ്പുഴ സ്വദേശി ഹാരിസാണ് ഇതിനു പിന്നിലെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഇതിനു പിന്നാലെയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നടത്തിയ തട്ടിപ്പിന് ഹാരിസിനും ഭാര്യ സമീറക്കുമെതിരായി പേരാമ്ബ്ര പൊലീസ് എടുത്ത കേസിന്‍റെ വിവരവും പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പണം പിരിക്കാനായി നിയോഗിച്ച ജീവനക്കാരിയായ ശ്രീജയുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച്‌ ട്രസ്റ്റ് തുടങ്ങിയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. കൂത്താളി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത സ്വപ്നതീരം ചാരിറ്റബള്‍ കൂട്ടായ്മയുടെ സെക്രട്ടറി രേഖകളില്‍ നന്‍മണ്ട സ്വദേശി ശ്രീജയാണ്. എന്നാല്‍ തന്‍റെ കള്ള ഒപ്പിട്ട് ഹാരിസും ഭാര്യ സമീറയും ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തതാണെന്നായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹാരിസിനും സമീറക്കുമെതിരെ വ്യാജ രേഖ ചമച്ചതിന് പൊലീസ് കേസെടുത്തത്.

 

പരാതിക്കാരിയെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്വപ്നതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പരാതിക്കാരിയുടെ പേരും വിലാസവും ഒപ്പും വ്യാജമായി ചേര്‍ത്തതായാണ് എഫ് ഐ ആറില്‍ പറയുന്നത്. ട്രസ്റ്റിന്‍റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീജ കലക്ടർക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ശ്രീജയും ഒപ്പമുണ്ടായിരുന്നയാളുകളും അഭ്യര്‍ത്ഥിച്ച പ്രകാരം ഇവരെ ട്രസ്റ്റ് തുടങ്ങാന്‍ സഹായിക്കുകയായിരുന്നു എന്നാണ് ഹാരിസിന്‍റെ വിശദീകരണം.