video
play-sharp-fill
കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു: ഇനി മൂന്നു ദിവസം അക്ഷര നഗരത്തിന് സിനിമയുടെ പൂക്കാലം

കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു: ഇനി മൂന്നു ദിവസം അക്ഷര നഗരത്തിന് സിനിമയുടെ പൂക്കാലം

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയത്തിന്റെ പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം. നൂറ് കണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി, പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. ആത്മ ഫിലിം സൊസൈറ്റി പ്രസിഡന്റ് പ്രദീപ് നായർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ സംവിധായകൻ ജോഷി മാത്യു ഫെസ്റ്റിവൽ ആമുഖം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന, നഗരസഭ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ , മുൻ എംഎൽഎ വി.എൻ വാസവൻ, വി.ബി ബിനു , ജൂബിലി ജോയ്തോമസ് , ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ബിനോയ് വേളൂർ സ്വാഗതവും, ആത്മ ഫിലിം സൊസൈറ്റി സെക്രട്ടറി സജി കോട്ടയം നന്ദിയും പറഞ്ഞു.
തുടർന്ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന ഓപ്പൺ സ്‌ക്രീനിംഗിൽ അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സിനിമയായ മീനമാസത്തിലെ സൂര്യൻ പ്രദർശിപ്പിച്ചു. അന്തരിച്ച സംവിധായകരായ ലെനിൽ രാജേന്ദ്രൻ, ലെനിൻ മൃണാൾ സെൻ, അജയൻ എന്നിവരുടെ ചിത്രങ്ങൾ ഇവരോടുള്ള ആദര സൂചകമായി പ്രദർശിപ്പിക്കും. ഇന്ന് (മാർച്ച് ആറ്) വൈകിട്ട് 6.30 ന് ഭുവൻ ഷോം, നാളെ (മാർച്ച് ഏഴ്) വൈകിട്ട് 6.30 ന് പെരുന്തച്ചൻ, എട്ടിന് വൈകിട്ട് 6.30 ന് വചനം എന്നീ ചിത്രങ്ങളാണ് ഓപ്പൺ വേദിയിൽ പ്രദർശിപ്പിക്കുക.
ഇന്ന് രാവിലെ 9.30 നാണ് ചലച്ചിത്ര മേളയിലെ ആദ്യ പ്രദർശനം നടക്കുക. കൊളംബിയൻ സംവിധായകൻ ലിസ്‌നാർഡോ ഡ്യൂക്യൂ നരൻജാനോയുടെ ദി ബ്രൈബ് ഓഫ് ഹെവൻ എന്ന ചിത്രമാണ് രാവിലെ 9.30 ന് ആദ്യ പ്രദർശിപ്പിക്കുക. 12 ന് ഗൗതം സൂര്യ സുദീപ് എലമണ്ണിന്റെ മലയാളം ചലച്ചിത്രം സ്‌ളീപ്പ്‌ലെസ് ലി യുവേഴ്‌സ് പ്രദർശിപ്പിക്കും. വിനു എ.കെയും മലയാളം ചലച്ചിത്രം ബിലാത്തിക്കുഴലാണ് 2.30 ന് നടക്കുന്ന ഷോയിൽ പ്രദർശിപ്പിക്കുക. വൈകിട്ട് ആറിന് അമിതാഭ് ചാറ്റർജിയുടെ ബംഗാളി ചിത്രം മനോഹർ ആൻഡ് ഐ പ്രദർശിപ്പിക്കും. രാത്രി എട്ടരയ്ക്ക് രണ്ട് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇറാൻ സംവിധായകൻ റൗഹോളാഹ് ഹെജാസിയുടെ ദി ഡാർക്ക് റൂം പ്രദർശിപ്പിക്കും. മലയാളി സംവിധായകൻ പ്രദീപ് നായരുടെ കൊടേഷ്യനും ഇതിനൊപ്പം പ്രദർശനത്തിനെത്തുന്നുണ്ട്.
വൈകിട്ട് 4.45 ന് ഡിജിറ്റൽ കാലത്ത് ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെ മൂല്യം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. വിനോദ് സുകുമാരൻ, ഡോ.പി.എസ് രാധാകൃഷ്ണൻ എന്നിവർ ഓപ്പൺഫോറത്തിൽ പങ്കെടുക്കും. ആത്മയും ചലച്ചിത്ര അക്കാദമിയും ചേർന്നാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചിരിക്കുന്നത്.


ഇന്നത്തെ പരിപാടി

തിരുനക്കര അനശ്വര തീയറ്റർ: പ്രാദേശിക ചലച്ചിത്ര മേള – രാവിലെ 9.30 , 12.00 , 2.00 , 6.30 , 8.30 . ഓപ്പൺ ഫോറം – 4.45

തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം: മൃണാൾ സെൻ അനുസ്മരണം – ബാബു കിളിരൂർ – 6.30 , സിനിമാ പ്രദർശനം – ഭുവൻ ഷോം


സിനിമ – ദി ഡാർക്ക് റൂം
രാജ്യം – ഇറാൻ
ഭാഷ – പേർഷ്യൻ
സമയം – 101 മിനിറ്റ്
സംവിധായകൻ – റൗഹോളാഹ് ഹെജാസി

ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം.
സിനി ഇറാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ

ഫർഹാദും, ഹലെയും തങ്ങളുടെ അഞ്ചു വയസുകാരൻ മകനും അടുത്തിടെ മാത്രമാണ് പുതിയ കോംപ്ലക്‌സിലേയ്ക്ക് മാറിതാമസിച്ചത്. ഒരു ദിവസം കോംപ്ലക്‌സിന് പുറത്തുള്ള മരുഭൂമിയിൽ ആമീറിനെ കാണാതാവുന്നു. ആമീറിനെ തിരികെ ലഭിക്കുമ്പോൾ തന്റെ ശരീരം മറ്റൊരാൾ കണ്ടു എന്ന് ആമീർ വെളിപ്പെടുത്തുന്നു. ഇതോടെ ഫർഹാദ് വ്യാകുലനാകുന്നു. തന്റെ മകനെ ലൈംഗികമായി ഉപയോഗിച്ച കുറ്റവാളിയെ തേടി ഫർഹാദ് ഇറങ്ങിത്തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ദി ബ്രൈബ് ഓഫ് ഹെവൻ
രാജ്യം – കൊളംബിയ
ഭാഷ – സ്പാനിഷ്
സമയം – 89 മിനിറ്റ്
സംവിധായകൻ – ലിസാൻഡ്രോ ഡ്യൂക്യൂ നരാൺജോ

ആമീറിന്റെ ആത്മഹത്യയോടെയാണ് ആ ചെറിയ കമ്മ്യൂണിറ്റിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. അത് വരെ പ്രസന്നമായിരുന്നു ആ കമ്മ്യൂണിറ്റിയിലെ ജീവിതം. ആത്മഹത്യ ചെയ്ത അമീറിന്റെ മൃതദേഹം പള്ളിയുടെ ശ്മശാനത്തിൽ, സംസ്‌കരിക്കാൻ പുതിയ പാസ്റ്റർ തയ്യാറായില്ല. പാസ്റ്ററുടെ എതിർപ്പ് മറികടന്ന് ബന്ധുക്കൾ പള്ളിയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുന്നു. അമീറിന്റെ മൃതദേഹം നീക്കം ചെയ്യുവരെ ആർക്കും കൂദാശ നൽകില്ലെന്ന് വൈദികൻ തീരുമാനിക്കുന്നു. ഇതിന്റെ ഫലമായി നാട്ടിൽ കുട്ടികൾക്ക് മാമ്മോദിസാ കൂദാശ നൽകാതെയായി, പുതിയ വിവാഹങ്ങൾ വൈകി. മരിച്ചവർക്ക് അന്ത്യകൂദാശ പോലും ആരും നൽകിയില്ല.

സിനിമ – മനോഹർ ആൻഡ് ഐ
രാജ്യം – ഇന്ത്യ
ഭാഷ – ബംഗാളി
സമയം – 118 മിനിറ്റ്
സംവിധായകൻ – അമിതാഭ് ചാറ്റർജി

ഐ.എഫ്.എഫ്.കെയിലെ മികച്ച സിനിമയ്ക്കുള്ള കെ.ആർ മോഹനൻ അവാർഡ്

ജോലിയ്ക്കായി നഗരത്തിലേയ്ക്കുള്ള യാത്രാമധ്യേ ഒരു അറുപതുകാരനും ഒരു മുപ്പതുകാരിയും എന്നും കണ്ടുമുട്ടും. നാഗരികർക്ക് അവരോടുള്ള വിമുഖതയും, നേരിടുന്ന ഒറ്റപ്പെടുത്തലുകളും യഥാർത്ഥ ജീവിതത്തെപ്പറ്റി പറയുന്നതിൽ നിന്ന് അവരെ തടയുന്നു. ദിവസേന ഉള്ള യാത്രകൾക്കിടിയിൽ ഒരു സാങ്കൽപിക ലോകം അവർ നിർമ്മിച്ചെടുക്കുന്നു. എന്നാൽ, മരണത്തിന്റെ വരവോട് രഹസ്യങ്ങൾ വെളിവാക്കപ്പെടുന്നു.

സിനിമ – കൊടേഷ്യൻ
രാജ്യം – ഇന്ത്യ
ഭാഷ – മലയാളം
സമയം – 15 മിനിറ്റ്
സംവിധായകൻ – പ്രദീപ് നായർ

മുംബൈ ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവൽ. ഗുവഹാത്തി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വിന്റേജ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊൽക്കത്ത
സംവിധായകരുടെ കൂട്ടായ്മയായ ഫോറം ഫോർ ബെറ്റർ ഫിലിംസ് നിർമ്മിച്ച ചലച്ചിത്ര സമാഹാരം ക്രോസ് റോഡിൽ ഏറ്റവും മികച്ചതെന്ന് പ്രശംസ നേടിയ ചിത്രം. സംവിധായകൻ ജയരാജിന്റെ തിരക്കഥ. ഏകാകിയായ വൃദ്ധയുടെ ജീവിതത്തിലേയ്ക്ക് എത്തുന്ന നായക്കുട്ടിയിലൂടെ സാർവലൗകിക ജീവിതാവസ്ഥ നൂതന ശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു.

സിനിമ- സ്‌ളീപ്പ്‌ലെസ് ലി യുവേഴ്‌സ്
രാജ്യം – ഇന്ത്യ
ഭാഷ – മലയാളം
സമയം – 72 മിനിറ്റ്
സംവിധായകൻ – ഗൗരം സൂര്യ, സുദീപ് എലമൺ

തന്റെ പങ്കാളിയായ മനുവിനെ കാണാതെ വന്നതിനെ തുടർന്ന് ജെസി അനുഭവിക്കുന്ന അസ്വസ്ഥതകൾ. ജെസിയും മനുവും എക്‌സൈൻട്രിക്ക് ആയ പങ്കാളികളാണ്. ഇവർ തങ്ങളുടെ റിലേഷനിൽ നടത്തുന്ന പരീക്ഷണങ്ങളും, തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നോൺ ലീനിയർ അഖ്യാനമാണ് ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത്.

സിനിമ – ബിലാത്തിക്കുഴൽ
രാജ്യം – ഇന്ത്യ
ഭാഷ – മലയാളം
സമയം – 104 മിനിറ്റ്
സംവിധായകൻ – എ.കെ വിനു

കുഞ്ഞമ്പു ചെറുപ്പം മുതൽ ഒരു ഇരട്ടക്കുഴൽ തോക്ക് കൈവശം വയ്ക്കുന്നുണ്ട്. കുഞ്ഞമ്പുവിനെ ചെറുപ്പക്കാരനായും, പ്രായമായ ആളായും സിനിമയിൽ കാണാൻ സാധിക്കും. സിനിമ ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ് കറങ്ങുന്നത്. കുഞ്ഞമ്പുവിന്റെ ജീവിതത്തിലൂടെയാണ് സിനിമ പ്രധാനമായും സഞ്ചരിക്കുന്നത്.