അയ്മനം പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കാൻ: മാഞ്ചിറ പാലത്തിന്റ ഷീറ്റുകൾ തുരുമ്പെടുത്ത് നശിക്കുന്നു: അപകടക്കെണിയായി പാലം:
സ്വന്തം ലേഖകൻ
അയ്മനം : അയ്മനം പഞ്ചായത്തിലെ ഒന്നും ഇരുപതും വാർഡുകളെ ബന്ധിപ്പിക്കുന്ന മാഞ്ചിറ-വരമ്പിനകം പാലം അപകടാവസ്ഥയിൽ. പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന മെറ്റൽ ഷീറ്റുകൾ തുരുമ്പെടുത്ത് അടർന്ന് മാറി വലിയ ദ്വാരങ്ങൾ രൂപപ്പെട്ടു.
പല ഭാഗങ്ങളിലും ഷീറ്റുകൾ ദ്രവിച്ച് ഏത് നിമിഷവും തകർന്നു പോകുന്ന സ്ഥിതിയിലാണ്. ഇത് അപകടങ്ങൾക്ക് കാരണമാകും. കവണാറ്റിൻകരയിൽ നിന്നും തൊള്ളായിരം വഴി പരിപ്പിലേക്ക് എത്താവുന്ന റോഡിലെ പ്രധാനപ്പെട്ട പാലമാണ് ഇത്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന വരമ്പിനകം പ്രദേശത്തേക്ക് ചെറുവാഹനങ്ങൾക്ക് കടന്നുവരാൻ ആറ് വർഷം മുമ്പാണ് പാലം നിർമ്മിച്ചത്.
പിന്നീട് അയ്മനം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് തവണ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അടിയന്തരമായി പാലത്തിൻ്റെ തുരുമ്പെടുത്ത ഷീറ്റുകൾ മാറ്റിസ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group