കളിചിരികളുയർന്ന വീട്ടിലേയ്ക്ക് അവർ ഇന്നെത്തും: നിശബ്ദരായി; പേരൂരിൽ അപകടത്തിൽ മരിച്ച അമ്മയ്ക്കും മക്കൾക്കും കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്; ലെജിയുടെയും കുട്ടികളുടെയും സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന്
സ്വന്തം ലേഖകൻ
കോട്ടയം: കളിചിരികളുയർന്ന ആ വീട്ടിലേയ്ക്ക് ചേതനയറ്റ ശരീരമായി ഇന്ന് അവർ എത്തും. ഓടിക്കളിച്ച മുറ്റത്ത് ചലമറ്റ് അവസാന യാത്രയ്‌ക്കൊരുങ്ങി അവർ കിടക്കും. അമ്മയുടെ കൈകോർത്ത് പിടിച്ച് പിച്ചവച്ച ഉമ്മറത്ത് അമ്മയുടെ അരികിലായി രണ്ടു പെൺകുട്ടികൾ ചേർന്നു കിടക്കും. അച്ഛനെയും സഹോദരിയെയും തനിച്ചാക്കിയുള്ള അവരുടെ അവസാന യാത്രയ്ക്ക് കണ്ണീരണിഞ്ഞ മുഖവുമായി നാട് ഒരുങ്ങിക്കഴിഞ്ഞു…!
പേരൂർ കണ്ടഞ്ചിറയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ച കണ്ടംചിറ കാവുംപാടം കോളനി അശ്വതിയിൽ ലെജി(45) മക്കളായ അന്നു (19), നീനു (നൈനു -16) എന്നിവരുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് തെള്ളകത്തെ പൊതുശ്മശാനത്തിൽ നടക്കും. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടക്കും. തുടർന്ന് മൂന്നു പേരുടെയും മൃതദേഹം വിലാപയാത്രയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പേരൂർ കണ്ടംചിറയിലെ വസതിയിലേയ്ക്ക് കൊണ്ടു വരും. ഇവിടെ പൊതുദർശനത്തിന് വച്ച ശേഷം, വൈകിട്ട് മൂന്നു മണിയോടെ മൂന്നു പേരുടെയും മൃതദേഹം തെള്ളകത്തെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ നൈനുവും, അന്നുവും സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മരിച്ചിരുന്നു. ഇവരുടെ അമ്മ ലെജി രാത്രി ഒൻപതരയോടെയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പേരൂർ മുല്ലൂർ ഷോൺ മാത്യു (19) മാതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.