
സ്വന്തം ലേഖിക.
ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ, ലോകത്തെ ഏറ്റവും പരിഷ്‌കരിച്ച ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് രാജ്യം മുക്തി നേടുന്ന സാഹചര്യത്തിനാണ് ഈ പുതിയ നിയമങ്ങള്‍ വഴിയൊരുക്കിയത്. സമയത്ത് നീതി ലഭിക്കുക എന്ന 130 കോടി ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് വേണ്ടി സാന്ത്വന ഭട്ടാചാര്യയും രാജേഷ് കുമാര്‍ താക്കൂറും നടത്തിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് യാഥാര്‍ഥ്യമാകുന്നതോടെ പൂര്‍ണ ആത്മവിശ്വാസത്തോടെ തനിക്ക് പറയാന്‍ കഴിയും, രാജ്യത്ത് ഏത് ഭാഗത്തും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷത്തിനകം നീതി ഉറപ്പാക്കാന്‍ ഈ മൂന്ന് നിയമങ്ങള്‍ വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ നീതിനിര്‍വഹണരംഗത്ത് പുതിയ യുഗത്തിനാണ് ഇത് തുടക്കം കുറിച്ചത്. നീതിയാണ് ഈ നിയമങ്ങളുടെ ആത്മാവ്. ഇരയ്ക്കും പ്രതിക്കും നീതിനിര്‍വഹണ രംഗത്ത് യുക്തിസഹമായി ഇടപെടാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുന്നതാണ് ഈ മൂന്ന് നിയമങ്ങള്‍. ആരെയെങ്കിലും ശിക്ഷിക്കുക എന്നതിനല്ല, ഈ മൂന്ന് നിയമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പകരം എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
5,000 രൂപയില്‍ താഴെയുള്ള മോഷണ കുറ്റങ്ങള്‍ക്ക് ശിക്ഷയായി സാമൂഹിക സേവനമാണ് നിര്‍ദേശിക്കുന്നത്. ഈ നിയമങ്ങള്‍ നീതി കേന്ദ്രീകൃതമായാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആറ് കാര്യങ്ങളില്‍ ജയിലില്‍ നിന്ന് മോചിതരാകാന്‍ അവസരം നല്‍കിയിട്ടുണ്ട്.
എന്തെങ്കിലും നിര്‍ബന്ധം മൂലമോ അബദ്ധത്തിലോ പെറ്റിക്കേസുകളില്‍ പെടുന്നവര്‍ക്ക് സാമൂഹിക സേവനം നടത്തി സ്വയം മെച്ചപ്പെടാനുള്ള അവസരം ലഭിക്കും. പെറ്റി കേസുകള്‍ക്ക് ഇപ്പോള്‍ സമ്മറി ട്രയല്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ ഒരു മജിസ്ട്രേറ്റിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. നേരത്തെ, അറസ്റ്റിനെ കുറിച്ച് വീട്ടുകാരെ അറിയിക്കാതെ പൊലീസ് പലപ്പോഴും ആളുകളെ കൂട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വെയ്ക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന ഒരു രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. ഈ രജിസ്റ്ററില്‍ എത്ര പേര്‍ കസ്റ്റഡിയിലുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണം.
24 മണിക്കൂറിനകം ഇവരെ കോടതിയില്‍ ഹാജരാക്കണം. നേരത്തെ, വീഡിയോഗ്രാഫി ഇല്ലാതെ പൊലീസിന് തിരച്ചിലും പിടിച്ചെടുക്കലും നടത്താമായിരുന്നു. ഇപ്പോള്‍ എല്ലാ തിരച്ചിലിനും പിടിച്ചെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ട് നിഷ്പക്ഷ സാക്ഷികളുടെ സാന്നിധ്യത്തില്‍ വീഡിയോഗ്രാഫി നിര്‍ബന്ധമാക്കിയിരിക്കുന്നതായും അമിത് ഷാ പറഞ്ഞു.