കോട്ടയം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയക്കായുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കിയ ഇനത്തില്‍ വിവിധ കമ്പനികള്‍ക്ക് നല്‍കാനുള്ളത് 130 കോടി ; കുടിശ്ശിക കുന്നുകൂടിയതോടെ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ.

Spread the love

സ്വന്തം ലേഖിക.

കോട്ടയം: കുടിശ്ശിക കുന്നുകൂടിയതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍.

ഇതോടെ ആശുപത്രിയിലെ സൗജന്യ ചികിത്സ പ്രതിസന്ധിയില്‍. കോട്ടയം മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ശസ്‌ത്രക്രിയക്കായുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കിയ ഇനത്തില്‍ വിവിധ കമ്പനികള്‍ക്ക് 130 കോടിയാണ് നല്‍കാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആരോഗ്യ ഇൻഷുറൻസുള്ളവര്‍ക്ക് കമ്പനികള്‍ പണംവാങ്ങാതെ ഉപകരണങ്ങള്‍ നല്‍കുകയായിരുന്നു പതിവ്. ഈ തുക നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു.

എന്നാല്‍, സാമ്പത്തികപ്രതിസന്ധിയിലായതിനാല്‍ സര്‍ക്കാര്‍ മാസങ്ങളായി തുക വിതരണം ചെയ്യുന്നില്ല. ഇതോടെയാണ് ഇത്തരത്തില്‍ ഉപകരണങ്ങള്‍ നല്‍കിയിരുന്ന കമ്പനികള്‍ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള വിതരണം നിര്‍ത്തിയത്.

 

ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, അസ്ഥിരോഗ വിഭാഗം ഉള്‍പ്പെടെ വിഭാഗങ്ങളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് നടക്കുന്നത്. ഇതിനായി വലിയ തുക മുടക്കി രോഗികളുടെ ബന്ധുക്കള്‍ ഉപകരണങ്ങള്‍ വാങ്ങിനല്‍കുകയാണ് ചെയ്യുന്നത്. മറ്റ് ശസ്ത്രക്രിയകളെല്ലാം മുടങ്ങിയ നിലയിലാണ്.

 

സ്വന്തം പണം മുടക്കി ഉപകരണങ്ങള്‍ വാങ്ങി നല്‍കിയാല്‍ മാത്രമേ ശസ്ത്രക്രിയകള്‍ നടക്കുകയുള്ളൂവെന്ന സ്ഥിതി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

നേരത്തെ ആവശ്യമുള്ള ഉപകരണങ്ങള്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങാൻ കഴിയുമായിരുന്നു.

 

ഇപ്പോള്‍ ഒരു ലക്ഷം രൂപ ചെലവഴിക്കാൻ മാത്രമേ അനുമതിയുള്ളൂ. ആശുപത്രി വികസന സൊസൈറ്റി മുഖേന ലഭിക്കുന്ന ഫണ്ട് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ഈ ഫണ്ടില്‍ ഇപ്പോള്‍ കാര്യമായ നീക്കിയിരിപ്പില്ലെന്നും അധികൃതര്‍ പറയുന്നു.

മെഡിക്കല്‍ കോളജിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താൻ ആശ്രയമായിരുന്ന ആശുപത്രി വികസന സൊസൈറ്റി ഫണ്ടും അതിവേഗം കാലിയാകുന്നു.

 

എല്ലാ പരിശോധനകള്‍ക്കും തുക വര്‍ധിപ്പിച്ചതിനൊപ്പം പ്രവേശന ഫീസും ഉയര്‍ത്തിയിരുന്നു. ഈ ഇനത്തിലുള്ള തുക എത്തുന്നത് ആശുപത്രി വികസന ഫണ്ടിലേക്കാണ്. എന്നിട്ടും കാര്യമായ നീക്കിയിരുപ്പില്ലാത്ത സ്ഥിതിയാണ്. മുൻകാലങ്ങളില്‍ ഈ തുക അടിയന്തരഘട്ടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.

 

അടുത്തിടെ രോഗി സന്ദര്‍ശന ഫീസ് രാത്രി ഏഴിനുശേഷം 50 രൂപയായിട്ടാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. സ്റ്റേ പാസ് നഷ്ടപ്പെട്ടാല്‍ പകരം ലഭിക്കാൻ ഇപ്പോള്‍ 200 രൂപ നല്‍കണമെന്നതാണ് സ്ഥിതി. നേരത്തെയുണ്ടായിരുന്ന 50 രൂപയാണ്കുത്തനെ വര്‍ധിപ്പിച്ച്‌ 200ല്‍ എത്തിച്ചത്. എന്നിട്ടും ദൈനംദിന പ്രവര്‍ത്തനത്തിന് ഫണ്ട് തികയാതെ വരികയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

 

ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് ആശുപത്രി വികസന സൊസൈറ്റി ഫണ്ട് ഉപയോഗിച്ചാണ്. അടുത്തിടെയായി താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതാണ് തുക കുറയാൻ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, ചില മേഖലകളില്‍ അധിക ജീവനക്കാര്‍ നിലനില്‍ക്കെയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.