മദ്യലഹരിയിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സംഘർഷം; ഒരു മരണം, മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജിൽ; നാല് പ്രതികൾ അരൂർ പൊലീസിന്റെ പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

അരൂർ: പുതുവത്സരതലേന്ന് രാത്രി മദ്യലഹരിയില്‍ യുവാക്കള്‍ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മരണം. മൂന്നുപേര്‍ക്ക് പരിക്ക്.

 

സംഭവത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഴുപുന്ന പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൃഷ്ണകൃപയില്‍ സുമേഷ് കൃഷ്ണ (37) ആണ് മരിച്ചത്. എരമല്ലൂര്‍ സ്വദേശികളായ സാജൻ, സുരേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിസംബര്‍ 31 രാത്രി പത്തോടെയായിരുന്നു സംഭവം സുമേഷ് കൃഷ്ണനെ അന്ന് രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. എരമല്ലൂര്‍ ദേവി സദനത്തില്‍ കണ്ണൻ (25), നന്ദനത്തില്‍ മണിലാല്‍ (23), കുണ്ടേങ്ങില്‍ പ്രവീണ്‍ (25), ആലശ്ശേരില്‍ അദീഷ് (25) എന്നിവരെ സംഭവത്തെ തുടര്‍ന്ന് അരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എരമല്ലൂര്‍ ചേന്നമന ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് സംഘര്‍ഷം നടന്നത്. പിടിയിലായ നാല് പ്രതികളും മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

കൂറ്റൻ വടികൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അടിക്കാൻ ഉപയോഗിച്ച വടി ആക്രമണം നടന്ന സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സാജന്റെ തുടയില്‍ കത്തികൊണ്ട് മൂന്നു സ്ഥലത്ത് കുത്തേറ്റിട്ടുണ്ട്. പ്രതികള്‍ക്ക് സാജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അരൂര്‍ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി.എസ്. ഷിജു, എസ്. ഐ. എം.ജെ. ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

 

മരിച്ച സുമേഷ് കൃഷ്ണൻ അവിവാഹിതനാണ്. എറണാകുളത്തെ സ്വകാര്യ ഇൻഷുറൻസ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. പിതാവ് : കൃഷ്ണകുമാര്‍ മാതാവ് : സുമ സഹോദരി : സുമീര