ഫഹദിന്റെ ആ മാസ് ചിത്രം ഉപേക്ഷിച്ചോ? പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ആരാധകര്‍

Spread the love

സ്വന്തം ലേഖിക

മാമന്നൻ എന്ന ചിത്രത്തിന് പിന്നാലെ നടൻ വടിവേലും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സംവിധായകൻ സുധീഷ് ശങ്കറാണ്.

റോഡ് മൂവിയായിട്ടായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ചിത്രത്തെ കുറിച്ച്‌ ചോദിച്ച്‌ എത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍ ആരാധകര്‍. ഫഹദ് ഫാസില്‍ – ആര്‍ബി ചൗധരി – സുധീഷ് ശങ്കര്‍ കൂട്ടുകെട്ടില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ‘ഹനുമാൻ ഗിയര്‍’ എന്ന ചിത്രത്തെ കുറിച്ചാണ് ഉയരുന്ന ചോദ്യങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96 -ാം ചിത്രമായിട്ടായിരുന്നു ഹനുമാൻ ഗിയര്‍ പ്രഖ്യാപിച്ചിരുന്നത്. ഫഹദ് ഫാസില്‍ കരിയറില്‍ ആദ്യമായി മാസ് ചിത്രം ചെയ്യുന്നുവെന്ന പ്രചാരണത്തോടെ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ‘ഹനുമാൻ ഗിയര്‍’. ഓഫ് റോഡ് ജീപ്പ് റേസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങാനിരുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ജീപ്പിന് മുകളില്‍ തിരിഞ്ഞുനിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നില്‍ക്കുന്ന ഫഹദായിരുന്നു പോസ്റ്ററില്‍. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി ഏറെ കഴിഞ്ഞെങ്കിലും ചിത്രത്തെക്കുറിച്ച്‌ ഒരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല.

ഇതിനിടെയാണ് ഇതേകൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ജനുവരി 22 ന് ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി കൃഷ്ണമൂര്‍ത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് തിരുനെല്‍വേലി, മധുരൈ, ട്രിച്ചി, തിരുവണ്ണാമലൈ, ഈറോഡ്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലൂടെ പൊള്ളാച്ചിയിലേക്ക് യാത്ര ചെയ്യുന്ന രണ്ടുപേരെ കേന്ദ്രീകരിച്ച്‌ കഥ പറയുന്ന ചിത്രം ഒരു റോഡ് മൂവിയായിട്ടാണ് ഒരുങ്ങുന്നത്. കോമഡി പശ്ചാത്തലത്തില്‍ ആരംഭിച്ച്‌ ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി സംവിധായകൻ പറഞ്ഞു.

നടി സിതാരയാണ് വടിവേലുവിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. യുവൻ ശങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് കലൈശെല്‍വൻ ശിവാജിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ധ്രുവങ്ങള്‍ പതിനാറ് ഫെയിം ശ്രീജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.മലയാളത്തില്‍ വില്ലാളി വീരൻ, തമിഴില്‍ ആറുമനമേ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുധീഷ് ശങ്കറിന്റെ മൂന്നാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

അതേസമയം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാമന്നൻ തിയേറ്ററില്‍ വൻ വിജയമായിരുന്നു. ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിച്ച ചിത്രം കേരളത്തിലും മികച്ച അഭിപ്രായം നേടിയിരുന്നു.