video
play-sharp-fill

Friday, May 23, 2025
HomeMain2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കും ;ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ...

2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കും ;ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും മന്ത്രി വീണാ ജോര്‍ജ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളില്‍ കൂടി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക വ്യാപിപ്പിക്കും. കാര്‍സ്‌നെറ്റ് എഎംആര്‍ ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി മാറി. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ വകുപ്പ് ഈ വര്‍ഷം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പ് എ.എം.ആറിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ആന്‍സി സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, പാലക്കാട് ഡിഎംഒ ഡോ. വിദ്യ, ജില്ലാ എഎംആര്‍ ഓഫീസര്‍ ഡോ. ഭാഗ്യനാഥ്, ഡോ. ശിവപ്രസാദ് എന്നിവരാണ് എഎംആര്‍. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments