
സ്വന്തം ലേഖിക
ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍നിന്ന് എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയര്‍ന്നു.
പി എസ് എല്‍ വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തില്‍ ഐഎസ്ആര്‍ഒ നടത്തിയത്.
650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എക്സോപസാറ്റ് എത്തുക. അഞ്ച് വര്‍ഷം നീണ്ട പഠനങ്ങള്‍ ഇവിടെ നടത്തും. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്ര പഠനമാണ് എക്സ്പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒയും ബെംഗളൂരുവിലെ രാമൻ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ആര്‍ആര്‍ഐ) സഹകരിച്ചാണ് എക്സ്പോസാറ്റ് നിര്‍മിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം എല്‍ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച വീസാറ്റ് എന്ന പേലോഡും വിക്ഷേപണ വാഹനത്തില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. വീസാറ്റ് ഉള്‍പ്പെടെ 10 പരീക്ഷണ പേലോഡുകള്‍ വഹിച്ച് റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് തുടരുക.
തീവ്ര ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. അഞ്ചുവര്‍ഷം നീളുന്ന എക്സ്പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന് മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും
രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉള്‍പ്പെടുന്നതാണ് എക്സ്പോസാറ്റ്. പോളിക്സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും. എക്സ്എസ്പെക്റ്റ് ((എക്സ്-റേ സ്പെക്ട്രോസ്കോപ്പി ആന്‍ഡ് ടൈമിങ്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്പെക്ട്രോസ്കോപ്പിക് വിവരങ്ങള്‍ നല്‍കും.
പ്രകാശ രശ്മികളുടെ ഉറവിടങ്ങളുടെ താത്കാലികമായ സ്പെക്ട്രല്‍, ധ്രുവീകരണ സവിശേഷതകള്‍ ഒരേസമയം പഠിക്കാന്‍ ഇത് എക്സ്പോസാറ്റിനെ പ്രാപ്തമാക്കുന്നു. തമോഗര്‍ത്തങ്ങള്‍, ന്യൂട്രണ്‍ നക്ഷത്രങ്ങള്‍ അടക്കമുള്ളവയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പഠനം സഹായിക്കും.
ശാസ്ത്രീയവും വാണിജ്യവുമായ പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂള്‍) എന്ന ഉപഗ്രഹവും എക്സ്പോസാറ്റിനൊപ്പം ഐഎസ്ആര്ഒവിക്ഷേപിച്ചിട്ടുണ്ട്.