സ്വന്തം ലേഖകൻ
വടവാതൂർ: മണർകാട് വടവാതൂർ മാലം കരിക്കോട്ടുമൂല പാടശേഖരത്തിൽ ഐരാറ്റുനടയിലാണ് നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭൂമാഫിയ നെൽപ്പാടം അനധികൃതമായി മണ്ണിട്ടുയർത്തുന്നത്.
വെള്ളമൊഴുക്കുള്ള തോടും നീർച്ചാലുമുൾപ്പെടെ നെൽപ്പാടം മണ്ണിട്ടുയർത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടശേഖരത്തിൻറെ മധ്യത്തിൽ നെൽപ്പാടം തരംമാറ്റി മണ്ണിട്ടുയർത്തുന്നത് വർഷകാലത്ത് വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുമെന്ന് കാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. മണർകാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 24, റീസർവെ നമ്പർ 540/5ൽ ഉൾപ്പെട്ട നെൽപ്പാടമാണിത്. മണ്ണിട്ടുയർത്തുന്നതിനെതിരെ പരാതിനൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്- റവന്യു അധികൃതർ ഒത്താശചെയ്യുന്നുവെന്ന്കാട്ടി നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
തോടും നീർച്ചാലും നടവരമ്പും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസംമുമ്പ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നീർച്ചാലുകൾ പൂർവ്വസ്ഥിതിയിലാക്കുന്നതിനൊ നടവരമ്പ് പുനസ്ഥാപിക്കുന്നതിനൊ നാളിതുവരെ നടപടിയെടുത്തില്ല.
നീർച്ചാലും തോടും മണ്ണിട്ടുയർത്തിയതിനാൽ സമീപ പാടങ്ങളിൽ കൃഷിയിറക്കാനാകാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. നീർച്ചാലും തോടും നിലനിർത്തുന്നതിന് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. മണ്ണിട്ടുയർത്തുന്ന നിലം തരംമാറ്റിയതിനാൽ സ്റ്റോപ്പ് മെമ്മൊ കൊടുക്കാനാകില്ലന്ന് മണർകാട് വില്ലേജ് ഓഫീസർ പറഞ്ഞു. നെൽപാടത്ത് മണ്ണിട്ടുയർത്തുന്നതിന് അനുമതി നൽകിയിട്ടില്ലന്ന് മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി ബിജു പറഞ്ഞു.