play-sharp-fill
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡലകാലത്ത് സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച്, മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്ത് പൂര്‍ണരൂപത്തില്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ദയനീയമായി പരാജയപ്പെട്ടു. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി.

മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. കാര്യമായ അവലോകന യോഗങ്ങള്‍ നടക്കാത്തതും പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിച്ചു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങള്‍ ചരിത്രത്തിലാദ്യമാണ്.

ശബരിമലയില്‍ പോലീസിന്റെ പ്രവര്‍ത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം.

ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. പമ്പ മുതല്‍ സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. മതിയായ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിരുന്നില്ല. ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലും ഇല്ലായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്‍ കുത്തി നിറച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.

ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിതാപകരമായിരുന്നു. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയില്‍ പരാജയം ഭക്തരുടെ തലയില്‍ കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് സര്‍ക്കാരിന് ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് വരുന്ന മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ഈ വര്‍ഷം ഭക്തജനതിരക്ക് മുന്‍ വര്‍ഷങ്ങളിനേതിനെക്കാള്‍ വര്‍ദ്ധിക്കുമെന്ന് കണ്ട് എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.