
കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സലീം കുമാര്‍.
നടന് എന്നതിലുപരി സംവിധായകനും മിമിക്രിതാരവുമൊക്കെയായ താരം തന്റെ ജാതകം എഴുതിയതിനെ കുറിച്ചുള്ള രസകരമായൊരു കഥ പറയുകയാണിപ്പോള്‍.
മാത്രമല്ല തന്റെ പേര് സലീം കുമാര്‍ എന്ന് വന്നതിന്റെ പിന്നിലെ കഥയും നടന് പങ്കുവെച്ചു.
കേരളത്തിലെ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരന് അയ്യപ്പന്റെ ആശയങ്ങള്‍ തന്റെ പേരിനെ സ്വാധീനിച്ചെന്നാണ് സലീം കുമാര്‍ പറയുന്നത്. അന്ന് സഹോദരന് അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകള്‍ ഇടാന്‍ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ പേരിനൊപ്പം കുമാര്‍ എന്നത് കൂടി വന്നതെങ്ങനെയാണെന്നും താരം വിശദീകരിക്കുകയാണ്.
സഹോദരന് അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന് അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി.
സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലീം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി.
അങ്ങനെയാണ് എനിക്ക് സലീം എന്ന പേര് ഇടുന്നത്. പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല.
അവിടെ വച്ച് അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായെന്നാണ് നടന് തമാശരൂപേണ പറയുന്നത്.



