മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ പൊലീസ് നഗ്നനാക്കി മര്‍ദിച്ചെന്ന് പരാതി;മോഷണം കയ്യോടെ പൊക്കിയപ്പോൾ യുവാവ് കളളപ്പരാതി ഉന്നയിക്കുകയാണെന്ന് പോലീസ്.

Spread the love

സ്വന്തം ലേഖിക.

മുണ്ടക്കയം :കോട്ടയം മുണ്ടക്കയത്ത് മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ പൊലീസ് നഗ്നനാക്കി മര്‍ദിച്ചെന്ന് പരാതി. സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

എന്നാല്‍ ദൃശ്യങ്ങളടക്കം മോഷണം കയ്യോടെ പിടികൂടിയപ്പോള്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കളളപ്പരാതി ഉന്നയിക്കുകയാണ് യുവാവും കുടുംബവുമെന്ന് പൊലീസ് വാദിക്കുന്നു. മുണ്ടക്കയത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ അഫ്സലാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്സല്‍ ജോലി ചെയ്തിരുന്ന കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച 2 ലക്ഷത്തോളം രൂപ മോഷണം പോയിരുന്നു. മോഷണം നടന്ന രാത്രിയില്‍ സ്ഥാപനത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ആളെന്ന നിലയില്‍ മുണ്ടക്കയം പൊലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെന്നും സ്റ്റേഷനില്‍ സിസിടിവി ഇല്ലാത്ത സ്ഥലത്തു കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ച്‌ കുറ്റം സമ്മതിപ്പിച്ചെന്നാണ് അഫ്സലിന്‍റെ പരാതി.

എന്നാല്‍ മോഷണം നടന്നതായി പറയുന്ന ചൊവ്വാഴ്ച സന്ധ്യ കഴിഞ്ഞ് ആറേ മുക്കാലോടെ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഫ്സലിന്‍റെ പരാതിയെ പൊലീസ് പ്രതിരോധിക്കുന്നത്. സ്ഥാപനം അടയ്ക്കും മുമ്പ്

മേശ വലിപ്പില്‍ നിന്ന് അഫ്സല്‍ പണമെടുത്ത് ബാഗില്‍ ഇടുന്നതും പിന്നീട് ഈ ബാഗെടുത്ത് പുറത്തിറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിറ്റേന്ന് രാവിലെ ആദ്യം ഓഫിസില്‍ എത്തിയത് അഫ്സലാണെന്നതിന്‍റെ തെളിവും സിസിടിവിയിലൂടെ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇത്തരത്തില്‍ ദൃശ്യങ്ങളടക്കം തെളിവോടെ പിടിക്കപ്പെട്ടപ്പോള്‍ സ്ഥാപന ഉടമയ്ക്ക് പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച്‌ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ അഫ്സല്‍ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി മര്‍ദന പരാതി ഉന്നയിക്കുകയായിരുന്നെന്ന് പൊലീസ് വാദിക്കുന്നു. എന്നാല്‍ പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങള്‍ ഭാഗികമാണെന്നും കടയടച്ച ശേഷമുളള ബാക്കി ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ യഥാര്‍ഥ കള്ളനെ പിടിക്കാമെന്നുമാണ് അഫ്സലിന്‍റെ കുടുംബത്തിന്‍റെ വാദം.

ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം അഫ്സല്‍ ബാഗിലേക്ക് എടുത്തു വച്ചത് കേവലം 32,000 രൂപ മാത്രമാണെന്നും ഈ പണം പിറ്റേന്ന് സ്ഥാപന ഉടമയ്ക്ക് കൈമാറിയിരുന്നെന്നും കുടുംബം അവകാശപ്പെടുന്നു. സംഭവം വിവാദമായതിനു പിന്നാലെ അഫ്സലിനെതിരെ മോഷണ കുറ്റം ചുമത്തിയ പൊലീസ് അഫ്സലിനെ അറസ്റ്റ് ചെയ്യാനുളള തീരുമാനത്തിലാണ്.