
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും, ലിവര്‍പൂളിനും വിജയം ; ആസ്റ്റണിന്റെ കുതിപ്പിന് തടയിട്ട് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി യുണൈറ്റഡ് . മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ലണ്ടൻ : ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായ യുണൈറ്റഡ് രണ്ടാം പകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ചാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. 21-ാം മിനിറ്റില്‍ ജോണ്‍ മക്ഗ്രിന്നിലൂടെ ആസ്റ്റണ്‍ വില്ലയാണ് സ്‌കോറിംഗ് തുടങ്ങിയത്. അഞ്ചു മിനിറ്റിനു ശേഷം ലിയാണ്ടര്‍ ഡെന്‍ഡന്‍കര്‍ ലീഡ് ഇരട്ടിയാക്കി.
ഇതോടെ മറ്റൊരു തോല്‍വി കൂടി യുണൈറ്റഡ് മണത്തെങ്കിലും അസാധാരണ ഫോം തുടരുന്ന അര്‍ജന്‍റൈന്‍ കൗമാര താരം അലെജാന്ദ്രോ ഗര്‍നാച്ചോ 59,71 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ അവര്‍ ഒപ്പമെത്തി. കളി സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്ബോഴാണ് സീസണില്‍ ഏറെ പ്രതീക്ഷയോടെ റിക്രൂട്ട് ചെയ്ത ഡാനിഷ് യുവതാരം റാസ്മസ് ഹോളണ്ടിന്‍റെ രൂപത്തില്‍ ചുവന്ന ചെകുത്താന്മാര്‍ മൂന്നാം തവണയും ആസ്റ്റണ്‍വില്ലയുടെ വലഭേദിച്ചത്. ഡാനിഷ് താരത്തിന്‍റെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണിത്.
തോറ്റെങ്കിലും പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആസ്റ്റണ്‍വില്ലയ്ക്കായി. ജയിച്ചിരുന്നെങ്കില്‍ ആഴ്‌സണലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ വിലപ്പെട്ട ഈ ജയത്തോടെ ആറാം സ്ഥാനത്തേക്ക് കയറാന്‍ യുണൈറ്റഡിനായി. മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായ ലിവര്‍പൂള്‍ വിജയിച്ചു കയറിയത്. ഡാര്‍വിന്‍ ന്യൂനസും ഡിയാഗോ ജോട്ടോയും അവര്‍ക്കായി ലക്ഷ്യം കണ്ടു. ബേണ്‍മൗത്ത് നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലൂട്ടണ്‍ ടൗണ്‍ എന്നീ ടീമുകളും വിജയം കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
