video
play-sharp-fill
പെരിയ ഇരട്ടക്കൊലപാതകം : കൃപേഷിന്റെ വീട് നിർമാണം  നാളെ ആരംഭിക്കും

പെരിയ ഇരട്ടക്കൊലപാതകം : കൃപേഷിന്റെ വീട് നിർമാണം നാളെ ആരംഭിക്കും

സ്വന്തം ലേഖകൻ

കാസർകോട്: പെരിയയിൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിനു വീട് നിർമിക്കാൻ പ്രാഥമിക നടപടികൾ പൂർത്തിയായി. നാളെ വീടിന്റെ നിർമാണം തുടങ്ങും. 40 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഹൈബി ഈഡൻ എം.എൽ.എയുടെ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ ആർകിടെക്ട് കല്ല്യോട്ടെത്തി പ്ലാൻ തയാറാക്കി.
ഓലക്കുടിലിലായിരുന്നു കൃപേഷിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും ജീവിതം. എസ്.എഫ്.ഐ. ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ പഠനം നിർത്തിയ കൃപേഷ് ജോലിതേടി ഗൾഫിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയാണ് വധിക്കപ്പെടുന്നത്.
അതേസമയം, കൃപേഷ് കുടുംബസഹായ ഫണ്ട് സമാഹരിക്കാൻ ദേശീയ, സംസ്ഥാന നേതാക്കൾ നാളെ ജില്ലയിലെത്തും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിൽനിന്നും മുനിസിപ്പാലിറ്റികളിൽനിന്നും ഫണ്ട് സമാഹരിക്കും.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഫണ്ട് പിരിവിനു നേതൃത്വം നൽകും. കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വം നൽകും. നീലേശ്വരം മുനിസിപ്പാലിറ്റിയിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വലിയപറമ്പ് പഞ്ചായത്തിൽ മുൻ മന്ത്രി മഞ്ഞളാംകുഴി അലിയും അജാനൂർ ഗ്രാമപഞ്ചായത്തിൽ കൊടിക്കുന്നിൽ സുരേഷും, കിനാനൂർ കരിന്തളം പഞ്ചായത്തിൽ പി.ടി. തോമസും ഉദുമ പഞ്ചായത്തിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാനും പിലിക്കോട് പഞ്ചായത്തിൽ അനൂപ് ജേക്കബ് എം.എൽ.എയും ഈസ്റ്റ് എളേരി പഞ്ചായത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വെസ്റ്റ് എളേരിയിൽ അഡ്വ. എം.ലിജുവും എൻമകജെയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറും പൈവളിഗെയിൽ അൻവർ സാദത്ത് എം.എൽ.എയും കള്ളാറിൽ മുൻ മന്ത്രി കെ.സി. ജോസഫും ബളാലിൽ സി.എം.പി. നേതാവ് സി.പി. ജോണും പനത്തടിയിൽ മോൻസ് ജോസഫ് എം.എൽ.എയും തൃക്കരിപ്പൂരിൽ ഷാഫി പറമ്പിൽ എം.എൽ.എയും പടന്നയിൽ കെ.എം. ഷാജി എം.എൽ.എയും നേതൃത്വം നൽകും. മംഗൽപാടിയിൽ മുൻ മന്ത്രി കെ. മുരളീധരൻ, കുമ്ബളയിൽ മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്, ചെങ്കളയിൽ എം.എം. ഹസൻ, ബദിയടുക്കയിൽ വി.ടി. ബൽറാം എം.എൽ.എ, കോടോംബേളൂരിൽ ബിന്ദു കൃഷ്ണ, പള്ളിക്കരയിൽ എം.കെ. രാഘവൻ, ബേഡടുക്കയിൽ കെ .ശബരിനാഥ്, പുല്ലൂർപെരിയ പഞ്ചായത്തിൽ കെ. സുധാകരൻ എന്നിവർക്കാണു ഫണ്ട് സമാഹരണത്തിന്റെ ചുമതല.
ഷുഹൈബ് കൊല്ലപ്പെട്ടതിനെത്തുടർന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വവും കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വവും ഫണ്ട് ശേഖരിച്ചിരുന്നു. 1.20 കോടി രൂപ ഷുഹൈബിന്റെ കുടുംബത്തിനു പാർട്ടി നൽകിയിരുന്നു