
സ്വന്തം ലേഖിക
കല്‍പറ്റ: വയനാട് വാകേരിയില്‍ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. കുങ്കിയാനകളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണു മയക്കുവെടി വിദഗ്ധരടക്കമുള്ള ആര്‍.ആര്‍.ടി സംഘത്തിൻ്റെ തിരച്ചില്‍.
ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. കടുവ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇരുട്ട് വീണതോടെ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും രാത്രിയും പട്രോളിങ്ങുമായി മേഖലയില്‍ വനംവകുപ്പ് സംഘമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസ്സ് പ്രായമുള്ള ‘ഡബ്ല്യു.ഡബ്ല്യു.എല്‍ 45’ എന്ന ആണ്‍കടുവക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്ബില്‍ പ്രജീഷ്(36) എന്ന ക്ഷീരകര്‍ഷകനാണ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കല്ലൂര്‍കുന്നിലും സമീപത്തെ വയലിലും കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുവ യുവാവിനെ കൊന്ന വാകേരിയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ അകലെയാണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി.
കല്ലൂര്‍കുന്നിലെ ഒരു വീട്ടുമുറ്റത്താണ് കടുവയുടെ കാല്‍പാടുകള്‍ ആദ്യം കണ്ടത്. പരിശോധനയില്‍ സമീപത്തെ വയലിലും കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. കടുവയുടെ കാല്‍പാടുകള്‍ തന്നെയെന്ന് വനപാലകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ശാസ്ത്രീയ പരിശോധനകളടക്കം നടത്താനുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നുകഴിഞ്ഞു.







