ബസില്‍ കയറിയ 30 വയസുകാരി വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ചോദിച്ചു ; തരില്ലെന്ന് ബസ് ജീവനക്കാരുടെ മറുപടി ; എന്നാല്‍ ബസ് നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകട്ടെയെന്ന് യുവതിയും; ഒടുവില്‍ പോലീസ് സ്റ്റേഷനിൽ നിന്നും യുവതി പരാതിയില്ലാതെ മടങ്ങി. 

Spread the love

 

തൃശ്ശൂർ : കണ്‍സെഷന്‍ നല്‍കാതെ ബസ് കണ്ടക്ടര്‍ അപമാനിച്ചുവെന്നാരോപിച്ചാണ് 30കാരിയായ വിദ്യാര്‍ഥിനി ബസ് ജീവനക്കാരെ പോലീസ് സ്റ്റേഷനില്‍ കയറ്റിയത്. തൃശൂര്‍ – കുറ്റിപ്പുറം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. എടപ്പാളിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയായിരുന്നു 30 വയസുകാരി. എന്നാല്‍ കണ്‍സഷനെക്കുറിച്ചുള്ള പഴയതും പുതിയതുമായ സര്‍ക്കാര്‍ ഉത്തരവുകളുമായി ബസ് ജീവനക്കാര്‍ പോലീസിനു മുന്നില്‍ പ്രതിരോധം തീര്‍ത്തതോടെ പൊലീസും കൈമലര്‍ത്തി.

 

 

 

 

എടപ്പാള്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിഞ്ഞാണ് കുന്നംകുളത്ത് താമസമായത്. കുന്നംകുളത്തു നിന്ന് യുവതി എടപ്പാളിലേക്കായിരുന്നു പഠനാവശ്യാര്‍ത്ഥം യാത്ര ചെയ്തത്. കഴിഞ്ഞ ദിവസം ബസില്‍ കയറിയ യുവതിയുടെ കണ്‍സെഷന്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ കണ്‍സെഷന്‍ തരാന്‍ കഴിയില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. പിന്നീട് കണ്ടക്ടര്‍ കണ്‍സെഷന്‍ തന്നില്ലെന്നും തന്നോട് മോശമായി പെരുമാറിയെന്നും പറഞ്ഞു ഭര്‍ത്താവുമൊന്നിച്ച്‌ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

 

 

 

 

ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ജീവനക്കാര്‍ക്കായി പുതിയതായി രൂപീകരിച്ച സംഘടനയുടെ ജില്ലാ ഭാരവാഹിയെയും കൊണ്ടാണ് ബസ് ജീവനക്കാര്‍ സ്റ്റേഷനിലെത്തിയത്. രേഖകള്‍ സഹിതം കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ യുവതിയും ഭര്‍ത്താവും കുഴഞ്ഞു. 25 വയസ് വരെയാണ് നിലവില്‍ കണ്‍സെഷന് അര്‍ഹതയെന്നും ജനുവരി ഒന്നു മുതല്‍ ഇത് 27 വയസ് വരെ ആക്കിയിട്ടുണ്ടെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ കൊണ്ടുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

യുവതി പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പലിനെ പൊലീസ് ഫോണില്‍ വിളിച്ചപ്പോഴും വിദ്യാര്‍ഥിനിയായ യുവതിയുടെ വയസ് 30 ആണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ അസഭ്യം പറഞ്ഞ് മറ്റുള്ളവരുടെ മുൻപിൽ വച്ച്‌ മോശമായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടു. പരാതിയില്‍ ഉറച്ചുനിന്നതോടെ കേസെടുക്കുമെന്ന് പോലീസുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. എന്നാല്‍ കേസ് വേണ്ടന്നും മോശമായി പെരുമാറിയതിന് ജീവനക്കാര്‍ ക്ഷമാപണം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും അതിനും ജീവനക്കാര്‍ തയാറായില്ല. അവസാനം പരാതിയും പരിഭവവുമില്ലാതെ യുവതി ഭര്‍ത്താവിനോടൊപ്പം മടങ്ങുകയായിരുന്നു.