
സ്വന്തം ലേഖകൻ
ചാരുംമൂട്: പ്രേമനൈരാശ്യംമൂലം പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൂറനാട് തത്തമുന്ന മുറിയില്‍ വടക്കേകാലായില്‍ അനന്ദു (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് രാത്രി 9.30ന് നൂറനാട് തത്തമുന്നയുള്ള വീടിനു സമീപമാണ് സംഭവം നടന്നത്.
നൂറനാട് താമസിക്കുന്ന 28 വയസുള്ള യുവതിയെയാണ് യുവാവ് കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതി പെണ്‍കുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു.തന്നെ കല്യാണം കഴിക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. ശല്യം സഹിക്ക വയ്യാതെ യുവതി ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴാം തീയതി യുവതിയെ യുവാവ് കാണുകയും അപ്പോള്‍ പ്രതിയുടെ വീട്ടിലേക്ക് വരണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു. അതിനു വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റുകൊണ്ട് മാരകമായി ഉപദ്രവിച്ചെന്നും പോലീസ് പറഞ്ഞു. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ മൂക്ക് പൊട്ടുകയും തലയിലും കയ്യിലും പരിക്കു പറ്റുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊലപാതക ശ്രമത്തിനാണ് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



