
കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും വിടവാങ്ങിയതിന്റെ ക്ഷതം വിട്ടുംമാറും മുൻപേ രാഷ്ട്രീയ കേരളം മറ്റൊരു വിയോഗ വാര്‍ത്തയ്ക്ക് സാക്ഷിയായി; രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നത് 3 രാഷ്ട്രീയ അതികായന്മാരെ
സ്വന്തം ലേഖകൻ
സമുന്നതനായ സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണനും, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിടവാങ്ങിയതിന്റെ ക്ഷതം വിട്ടുംമാറും മുമ്പാണ് രാഷ്ട്രീയ കേരളം മറ്റൊരു വിയോഗ വാര്‍ത്തയ്ക്ക് സാക്ഷിയാകുന്നത്.
സിപിഐയുടെ കേരളത്തിലെ അമരക്കാരൻ കാനം രാജേന്ദ്രനും കാല യവനികയ്ക്കുള്ളില്‍ മറയുകയാണ്. 2022 ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണൻ ഓര്‍മ്മയാകുന്നത്. 2023 ജൂലായ് 18ന് ഉമ്മൻ ചാണ്ടിയും വിടവാങ്ങി. ഇപ്പോഴിതാ കാനം രാജേന്ദ്രനും… രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നത് 3 രാഷ്ട്രീയ അതികായന്മാരെ തന്നെയാണ്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയം കൈമുതലായുണ്ടായിരുന്ന, ജനങ്ങളോട് അത്രയധികം അടുപ്പമുണ്ടായിരുന്ന ഇവരുടെ വിയോഗമുണ്ടാക്കുന്ന വിടവ് വളരെ വലുതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനം രാജേന്ദ്രൻ…കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സി.കെ ചന്ദ്രപ്പന് ശേഷം ഇത്രയധികം സ്വാധീനം ചെലുത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കുകയും, എന്നാല്‍ വിമര്‍ശിക്കേണ്ടപ്പോള്‍ വിമര്‍ശിക്കുകയും, പ്രതിസന്ധി ഘട്ടങ്ങളില്‍ സിപിഐഎമ്മിനെ കൈവിടാതെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരൻ നായരുടെ മകനായി 1950 നവംബര്‍ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. വെറും 19 വയസിലാണ് കാനം രാജേന്ദ്രൻ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. 21-ാം വയസില്‍ തന്നെ സിപിഐയുടെ സംസ്ഥാന കൗണ്‍സിലംഗം ആയി.
രണ്ട് തവണ എഐടിയുസിയുടെ സെക്രട്ടറിയായും, വാഴൂരില്‍ നിന്ന് എംഎല്‍എ ആയും, AIYF ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
2012 ല്‍ സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായി. 2015 മാര്‍ച്ച് 2ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. 52 വര്‍ഷം സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. മാക്ടയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍ ശക്തിയായികരുന്നു കാനം. അതുകൊണ്ടുതന്നെ നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി വരുന്നത്. പാര്‍ട്ടിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചിരുന്നു കാനത്തിന്.
കഴിഞ്ഞ കുറച്ച് നാളുകളായി രോഗാവസ്ഥ കാനം രാജേന്ദ്രനെ ബുദ്ധിമുട്ടിച്ചിരുന്നു. പാദം മുറിച്ചുകളയുന്നതിലേക്ക് വരെ എത്തിയെങ്കിലും കാനം തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവധിക്ക് അപേക്ഷ നല്‍കിയിട്ടും പകരം ചുമതല ആര്‍ക്കും നല്‍കേണ്ടതെന്ന നിലപാടില്‍ സിപിഐ എത്തുകയായിരുന്നു. പക്ഷേ തികച്ചും അപ്രതീക്ഷിതമായിരുന്നു കാനം രാജേന്ദ്രന്റെ വിടവാങ്ങല്‍.