അഞ്ചു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താൻ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗം; ചൊവ്വാഴ്ച ദീൻ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി കേന്ദ്ര ആസ്ഥാനത്ത് ചേരും.

Spread the love

 

ന്യൂഡൽഹി : ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രി നിര്‍ണയത്തിലേക്ക് ചുവടുവെക്കുകയാണ്. ബി.ജെ.പി വൻവിജയം നേടിയ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കുറിച്ച്‌ യോഗം ചര്‍ച്ചചെയ്യും. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനു പുറമെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡും മുഖ്യമന്ത്രി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

 

 

 

മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ബി.ജെ.പി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യ പറഞ്ഞു. മധ്യപ്രദേശിലെ ഇന്ദോറില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയവര്‍ഗ്യ ഉന്നത ബി.ജെ.പി നേതാക്കളെ കാണാൻ ചൊവ്വാഴ്ച പാര്‍ലമെന്റ് മന്ദിരത്തിലെത്തിയപ്പോഴാണ് ഇക്കാര്യമറിയിച്ചത്. വരും ദിവസങ്ങളില്‍ നടത്തുന്ന കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും ആര് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമാകുന്ന തരത്തിലായിരിക്കും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുക.

 

 

 

 

ലോക്സഭ തെരഞ്ഞെടുപ്പിന് കേവലം നാലു മാസം മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മാറ്റി മറ്റൊരാളെ കൊണ്ടുവരുന്നത് പ്രതികൂലമായി ബാധിക്കുമോ എന്ന ചിന്ത ബി.ജെ.പിയിലുണ്ട്. ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാതെയും അദ്ദേഹത്തിന്റെ ‘ലാഡ്‍ലി ബഹൻ’ പദ്ധതിയെക്കുറിച്ച്‌ പരാമര്‍ശിക്കാതെയുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കത്തില്‍ പ്രചാരണം നടത്തിയിരുന്നത്. ശിവരാജല്ല, ഭാവി മുഖ്യമന്ത്രി എന്ന് സ്ഥാപിക്കാനായിരുന്നു മൂന്നു കേന്ദ്രമന്ത്രിമാരടക്കം ഏഴു ബി.ജെ.പി എം.പിമാരെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യയെയും മത്സരത്തിനിറക്കിയതും. എന്നിട്ടും ബി.ജെ.പി പിന്നിലാണെന്ന് കണ്ടതോടെ നിലപാട് മാറ്റിയ മോദി പിന്നീട് ശിവരാജിനെ വാഴ്ത്തിയും ‘ലാഡ്‍ലി ബഹൻ’ അടക്കമുള്ള അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ചുമാണ് വോട്ടുചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

ഇത്തരമൊരു സാഹചര്യത്തില്‍ ശിവരാജിനെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കി, ഒരു വര്‍ഷത്തിനുശേഷം ഇറക്കുന്ന കാര്യവും ആലോചനയിലുണ്ട്. ശിവരാജിനെ മാറ്റുകയാണെങ്കില്‍ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് പട്ടേല്‍, ഫഗ്ഗൻ സിങ് കുലസ്തെ, നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. രാജസ്ഥാനില്‍ നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെക്ക് മൂന്നാമതൊരു അവസരംകൂടി നല്‍കില്ല എന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് മഹന്ത് ബാലക്നാഥിനെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, പാര്‍ട്ടിവൃത്തങ്ങള്‍ ഇത്തരമൊരു സൂചന നല്‍കുന്നില്ല.

 

 

 

 

രാജെക്കൊപ്പം നില്‍ക്കുന്ന നിരവധി എം.എല്‍.എമാര്‍ പാര്‍ട്ടിയിലുള്ളതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ അവരെ ബി.ജെ.പി പിണക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇരുവരെയും കൂടാതെ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്, അര്‍ജുൻ സിങ് മേഘ്‍വാള്‍, ജാട്ട് നേതാവ് സതീശ് പുനിയ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരുടെ പേരുകളാണ് കേള്‍ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ ഛത്തിസ്ഗഢും പിടിച്ച ബി.ജെ.പി ആര്‍.എസ്.എസിന് അനഭിമതനായ മുൻ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ തഴഞ്ഞാല്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അരുണ്‍ സാഹു, പ്രതിപക്ഷനേതാവ് നാരായണ്‍ ചന്ദേല്‍, മുൻ പ്രതിപക്ഷനേതാവ് ധരംലാല്‍ കൗശിക്, ആദിവാസി വനിത നേതാക്കളായ രേണുക സിങ്, ലത ഉസേണ്ടി എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്കുവീണേക്കും.