play-sharp-fill
ക്ഷേത്രനഗരിയൊരുങ്ങി….! കോടി ജന്മങ്ങളുടെ പുണ്യം പകര്‍ന്ന് വൈക്കത്ത് ഇന്ന് അഷ്ടമിദര്‍ശനം; രാത്രിയിൽ  ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആര്‍ഭാടപൂര്‍ണ്ണമായ ചടങ്ങുകള്‍ക്ക് തുടക്കമാകും

ക്ഷേത്രനഗരിയൊരുങ്ങി….! കോടി ജന്മങ്ങളുടെ പുണ്യം പകര്‍ന്ന് വൈക്കത്ത് ഇന്ന് അഷ്ടമിദര്‍ശനം; രാത്രിയിൽ ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആര്‍ഭാടപൂര്‍ണ്ണമായ ചടങ്ങുകള്‍ക്ക് തുടക്കമാകും

വൈക്കം: ഇന്ന് കൃഷ്ണാഷ്ടമി. പാപ ശാപങ്ങളില്‍ നിന്ന് മോചനമായി, കോടി ജന്മങ്ങളുടെ പുണ്യം പകര്‍ന്ന് വൈക്കത്ത് ഇന്ന് അഷ്ടമി ദര്‍ശനം.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിന്റെ അന്ത്യയാമങ്ങളിലൊന്നില്‍ വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരൻ പാര്‍വ്വതീ സമേതനായി ദര്‍ശനം നല്‍കിയെന്നാണ് വിശ്വാസം. ത്രേതായുഗത്തിലായിരുന്നു ഇത്. ആ ധന്യ മുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകളില്‍ വ്യാഘ്രപാദപുരി ഭക്തിസാന്ദ്രമാകും.

അഷ്ടമിദര്‍ശനം ഇന്ന് പുലര്‍ച്ചെ 4.30 മുതലാണ്. തുടര്‍ന്ന് അന്നദാനപ്രഭുവായ പെരുംതൃക്കോവിലപ്പന്റെ സന്നിധിയില്‍ പ്രാതല്‍സദ്യ നടക്കും. അഷ്ടമി നാളുകളില്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പ്രാതലൊരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് അത് 121 പറ അരിയുടേതായിരിക്കും. അത്താഴക്കഞ്ഞിയുമുണ്ടാവും. രാത്രിയിലാണ് അഷ്ടമിവിളക്ക്. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്ടമിവിളക്കിന്റെ ആര്‍ഭാടപൂര്‍ണ്ണമായ ചടങ്ങുകള്‍ക്ക് തുടക്കമാകും. മഹാദേവരുടെ സന്നിധിയില്‍ നടക്കുന്ന പിതൃപുത്ര സംഗമത്തിന് സാക്ഷിയാകാൻ ദേശത്തെ ഇതരക്ഷേത്രങ്ങളില്‍ നിന്നുളള ദേവീദേവന്മാരുമെത്തും.

കൂട്ടുമ്മേല്‍ ഭഗവതിയോടൊപ്പം എഴുന്നള്ളിയെത്തുന്ന ദേവസേനാപതിയെ വലിയകവല മുതല്‍ വടക്കേഗോപുരം വരെ നിലവിളക്കുകള്‍ നിരത്തി പുഷ്പവൃഷ്ടിയോടെയാണ് പൗരാവലി എതിരേല്‍ക്കുക. ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ തന്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പൻ സ്വന്തം സ്ഥാനം നല്‍കി ആദരിക്കും.

മൂത്തേടത്തുകാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി, കിഴക്കുംകാവ് ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്ണു, ഗോവിന്ദപുരം ശ്രീകൃഷ്ണൻ, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്ടൂര്‍ ശാസ്താവ് എന്നിവരാണ് ദേവസംഗമത്തില്‍ അണിനിരക്കുന്ന ദേവീദേവന്മാര്‍. തുടര്‍ന്ന് ആദ്യ കാണിക്ക സമര്‍പ്പിക്കാൻ കറുകയില്‍ കൈമള്‍ പല്ലക്കേറിയെത്തും.

കൈമള്‍ കാണിക്ക അര്‍പ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. വിളക്കിനുശേഷം വിടപറയല്‍ ചടങ്ങും നടക്കും.