
സ്വന്തം ലേഖകൻ
കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊണ്ടയിൽ തറച്ച മുള്ളാണെന്ന് എൻ സി പി ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി. സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേറ്റത് മുതൽ സിപിഎമ്മിന് തള്ളാനും കൊള്ളാനും കഴിയാത്ത ആളായി ചാക്കോ മാറിയതായും വലിയ ഒരു സർജറിയിലൂടെ മാത്രമേ ആ മുള്ള് നീക്കം ചെയ്യുവാൻ കഴിയുകയുള്ളൂ എന്നും എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷമായി ഇടതുമുന്നണിയിൽ അടിയുറച്ചു നിൽക്കുന്ന എൻസിപിയെ കഴിഞ്ഞ രണ്ടുവർഷംകൊണ്ട് അഴിമതിയിൽ മുങ്ങിയ പാർട്ടിയായി ചിത്രീകരിക്കുന്നതിന് നേതൃത്വം നൽകിയ ചാക്കോയുടെ പ്രവൃത്തികൾ അഴിമതി രഹിത ഭരണം എന്ന എൽഡിഎഫിന്റെ മുദ്രാവാക്യത്തിന് കളങ്കമേൽപ്പിച്ചതായും മുഹമ്മദ് കുട്ടി കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ജനറൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഈ മാസം അവസാനത്തോടെ തൃശ്ശൂരിൽ വച്ച് നടത്തുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ദേശീയ നേതാക്കളായ അജിത് പവാറും പ്രഫുല് പട്ടേലും പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ എൽഡിഎഫിനോടൊപ്പം ചേർന്ന് നിൽക്കുമ്പോൾ തന്നെ, മുൻകാലങ്ങളിൽ ഗോവയിലും നാഗാലാൻഡിലും എൻഡിഎ സഖ്യത്തെ എൻ സി പി പിന്തുണച്ചിട്ടുണ്ട്. അന്നും കേരളത്തിൽ എൽഡിഎഫിനോടൊപ്പം ആണ് എൻ സി പി. അതിൽ നിന്നും വ്യത്യസ്തമല്ല ഇന്നത്തെ സാഹചര്യവും. മാത്രമല്ല, എൻസിപിയുടെ നയങ്ങളിൽ ഒരു മാറ്റവും ഇല്ലാതെ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം കൂടിയ ദേശീയ വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന എക്സിക്യുട്ടീവിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതുതായി വന്ന കെ ജി പുരുഷോത്തമൻ, ജിജി പൂന്തല, അഡ്വക്കേറ്റ് രാജീവ് രാജധാനി, ഔസേപ്പച്ചൻ പുത്തൻവീട്, നന്ദകുമാർ എസ്, പാർത്ഥസാരഥി, കെ റഹ്മത്തുള്ള എന്നിവരെ യോഗത്തിൽ സ്വീകരിച്ചു.
മുൻമന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്റുമായിരുന്ന സിറിയക് ജോണിന്റെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന നേതാക്കളായ റോയ് വാരിക്കാട്ട്, എൻ വൈ സി സംസ്ഥാന പ്രസിഡണ്ട് ഷാജിർ ആലത്തിയൂർ എൻ എം സി സംസ്ഥാന പ്രസിഡണ്ട് ബിനു അനീഷ് എന്നിവരും ജില്ലാ പ്രസിഡണ്ടുമാരും സംസാരിച്ചു.