
മോഷണം പോയ സൈക്കിള്‍ മൂന്നാംദിവസം തിരിച്ച് കിട്ടിയ സന്തോഷത്തിൽ ജുവൻ ; ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സൈക്കിള്‍ കണ്ടെത്തിയ ആളും പഞ്ചായത്തംഗവും ചേര്‍ന്ന് കൈമാറി
സ്വന്തം ലേഖകൻ
എലിക്കുളം: എട്ടുവയസുകാരനായ ജുവനോട് കൂട്ടുവിടാതെ മൂന്നാംദിവസം മോഷണം പോയ സൈക്കിള്‍ തിരിച്ചെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സൈക്കിള്‍ കണ്ടെത്തിയ ആളും പഞ്ചായത്തംഗവും ചേര്‍ന്ന് ജുവന് കൈമാറി.
എലിക്കുളം അമ്പലവയല്‍ പാറടിയില്‍ ജോജോയുടെയും മായയുടെയും മകൻ എട്ടുവയസുള്ള ജുവന്‍റെ പ്രിയപ്പെട്ട സൈക്കിളാണ് ബുധനാഴ്ച മോഷണം പോയത്. സംഭവം പൊൻകുന്നം പോലീസില്‍ അറിയിക്കുകയും പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും സൂചന കിട്ടിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്‍റെ സങ്കടം കണ്ട അമ്മ മായ സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവച്ചു. വെള്ളിയാഴ്ചയാണ് ഇവരുടെ വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ ഒരിടത്ത് സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസിയായ വരകില്‍ ജോയി സൈക്കിള്‍ കണ്ട വിവരം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെ അറിയിച്ചു.
മാത്യൂസ് പൊൻകുന്നം പോലീസ് സ്റ്റേഷൻ പിആര്‍ഒ ജയകുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന്‍റെ നിര്‍ദേശപ്രകാരം മാത്യൂസും ജോയിയും ചേര്‍ന്ന് ജുവന്‍റെ വീട്ടിലെത്തി സൈക്കിള്‍ കൈമാറി.