സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് മകള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസല്‍ ഒഴിച്ച് തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. മുല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന്‍ വീട്ടില്‍ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ലംഘിച്ച് രാധാകൃഷ്ണന്‍ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടയിലാണ് ഇന്നലെ ഉച്ചക്ക് വീണ്ടുമെത്തി അക്രമം നടത്തിയത്.
മകള്‍ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ത്ത ശേഷം കൈയ്യില്‍ കരുതിയിരുന്ന ഡീസല്‍ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മകള്‍ ഓടി പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്. കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും അഗ്‌നിക്കിരയായി.
തൊട്ടടുത്ത മുറിയിലും ഡീസല്‍ ഒഴിച്ച് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ച ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, എസ്.ഐമാരായ വിനോദ്, ജയകുമാര്‍, എ.എസ്.ഐമാരായ ജോണ്‍, പ്രസാദ്, സി.പി.ഒ സുജിത് എന്നിവര്‍ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.