play-sharp-fill
“ഒരു ദിവസം മുഴുവൻ പ്രതികളോടൊപ്പം നിന്നതുകൊണ്ട് കുട്ടിക്ക് അവരുടെ മുഖം കൃത്യമായി ഓര്‍മയുണ്ടായിരുന്നു,കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയുമാണ് കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയെടുത്തത്”;കൊല്ലം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രേഖാചിത്രം വരച്ച ഷജിത്തും ഭാര്യ സ്മിതയും പറയുന്നു.

“ഒരു ദിവസം മുഴുവൻ പ്രതികളോടൊപ്പം നിന്നതുകൊണ്ട് കുട്ടിക്ക് അവരുടെ മുഖം കൃത്യമായി ഓര്‍മയുണ്ടായിരുന്നു,കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയുമാണ് കുട്ടിയില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയെടുത്തത്”;കൊല്ലം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രേഖാചിത്രം വരച്ച ഷജിത്തും ഭാര്യ സ്മിതയും പറയുന്നു.

സ്വന്തം ലേഖിക

രു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രേഖാചിത്രം വരച്ച ആര്‍ ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവും തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കേസിന്റെ അന്വേഷണത്തില്‍, നിര്‍ണായകമായിരുന്നു പോലീസ് പുറത്തുവിട്ട രേഖാചിത്രം. കൊല്ലത്തുള്ള ആര്‍ ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവുമാണ് ഈ ചിത്രങ്ങള്‍ വരച്ചത്. കുട്ടിയെ കാണാതായ അന്ന് രാത്രിയാണ് കൊല്ലം എസിപി പ്രദീപ് രേഖാചിത്രങ്ങള്‍ വരയ്ക്കണമെന്നാവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് രാത്രി തന്നെ ചിത്രം തയാറാക്കുന്നതിന്റെ ജോലികളിലേക്ക് കടക്കുകയായിരുന്നു. എല്ലാവരും ആകാംഷയോടെ കാണുന്ന ഒരു കേസില്‍ നമ്മളാല്‍ കഴിയുന്ന തരത്തില്‍ സഹായിക്കാൻ സാധിക്കുക എന്നത് തങ്ങളെ സംബന്ധിച്ച്‌ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഷജിത്ത് പറഞ്ഞു. ഫൈൻ ആര്‍ട്സ് പഠിച്ച ഈ ദമ്ബതികള്‍ ആദ്യമായാണ് രേഖാചിത്രം വരയ്ക്കുന്നത്. പ്രതികള്‍ ഫോണ്‍ ചെയ്യാൻ കയറിച്ചെന്ന പാരിപ്പള്ളിയിലെ കടയിലുണ്ടായിരുന്ന സ്ത്രീയെയാണ് ആദ്യം പോലീസ് ഷജിത്തിന്റെയും സ്മിതയുടെയും അടുത്തെത്തിച്ചത്. സമയം അര്‍ധരാത്രി 12.15 ആയിട്ടുണ്ട്. അവരില്‍ നിന്നും ലഭിക്കാവുന്ന വിവരങ്ങള്‍ മുഴുവൻ ശേഖരിച്ചു. പുലര്‍ച്ചെ നാലുമണിവരെ നിരവധി ചിത്രങ്ങള്‍ വരച്ച്‌ അവര്‍ക്കു കാണിച്ചുകൊണ്ടിരുന്നു. ഒടുവില്‍ “ഏകദേശം ഇതുപോലെയാണ്” എന്ന് ആ സ്ത്രീ പറഞ്ഞതിന് ശേഷമാണ് ഒരു ചിത്രം ഉറപ്പിച്ചത്. ഷജിത്ത് പറയുന്നു.

പിറ്റേ ദിവസം രാവിലെ വീണ്ടും പോലീസ് മറ്റൊരാളുമായി വന്നു. അത് കൊല്ലം ജില്ലയില്‍ തന്നെ മറ്റൊരു സ്ഥലത്ത് ഇതിനു മുമ്ബ് നടന്ന മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രക്ഷപ്പെട്ട കുട്ടിയായിരുന്നു. ആ കുട്ടിയുടെ അടുക്കല്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേട്ടറിഞ്ഞ് വീണ്ടും ചിത്രങ്ങള്‍ തയാറാക്കി. അതൊരു സ്ത്രീയായിരുന്നു. ഈ രണ്ടു ചിത്രങ്ങളാണ് ഷജിത്തും ഭാര്യയും ആദ്യം വരച്ചത്.

അടുത്ത ദിവസം കുട്ടിയെ തിരിച്ചു കിട്ടുന്നു. വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ആയെന്നറിയുന്നു. ഷജിത്തും സ്മിതയും അങ്ങോട്ട് പോയി. രാവിലെ തന്നെ ആശുപത്രിയിലെത്തി. വൈകുന്നേരം 3 മണിവരെ കുട്ടി പറഞ്ഞതനുസരിച്ച്‌ മൂന്നു ചിത്രങ്ങള്‍ വരച്ചു. അതിലുള്ള ഒന്നാണ് ഇപ്പോള്‍ പിടികൂടിയ പുരുഷനുമായി സാദൃശ്യം തോന്നുന്ന ചിത്രം. കുട്ടിയുമായി സംസാരിച്ചും കഥകള്‍ പറഞ്ഞും പാട്ടുകള്‍ പാടിയുമാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും പ്രായം വളരെ കുറവായിരുന്നിട്ടും കുട്ടി വളരെയധികം സഹായിച്ചിരുന്നെന്നും ഷിജിത് പറയുന്നു.

ഒടുവില്‍ അവര്‍ വരച്ച ചിത്രങ്ങളോട് സാദൃശ്യമുള്ളവരെ പിടികൂടുന്നു.നേരത്തെ മോഡലുകളെ വച്ച്‌ മാത്രം വരച്ചിരുന്ന ഷജിത്തിനും സ്മിതയ്ക്കും ഒരാളുടെ മുഖത്തെക്കുറിച്ച്‌ കേട്ടുമനസിലാക്കി വരയ്ക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ കണ്ണുകള്‍, താടിയെല്ല്, തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ചോദിച്ചു മനസിലാക്കിയായിരുന്നു ഇത് ചെയ്തത്. രണ്ടു തവണകളിലായി ഇവര്‍ അഞ്ചു ചിത്രങ്ങളാണ് വരച്ചത്.

ഒരു ദിവസം മുഴുവൻ പ്രതികളോടൊപ്പം ചിലവഴിച്ചതുകൊണ്ട് കുട്ടിക്ക് അവരുടെ മുഖം കൃത്യമായി അറിയാമായിരുന്നു എന്നും അതാണ് ഏകദേശം കൃത്യമായി തന്നെ വരയ്ക്കാൻ സാധിച്ചതെന്നും ഷജിത്ത് പറയുന്നു. ഇത്രവലിയ കാര്യത്തിന് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്ബോള്‍ രണ്ടുപേര്‍ക്കും സന്തോഷമുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.