കോട്ടയം നഗരസഭാ കൗണ്‍സിലില്‍ വീണ്ടും തര്‍ക്കവും വാക്കേറ്റവും; ജി-ബിന്‍ വാങ്ങാനുള്ള നഗരസഭാ തീരുമാനത്തെ എതിര്‍ത്ത് ഭരണ പ്രതിപക്ഷ അംഗങ്ങള്‍; ഒടുവിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനം
കോട്ടയം: നഗരസഭാ കൗണ്‍സിലില്‍ പതിവു പോലെ തര്‍ക്കവും വാക്കേറ്റവും.
ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ജി -ബിന്‍ വാങ്ങാനുള്ള നഗരസഭാ തീരുമാനത്തെ എതിര്‍ത്ത്, ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതാണ് ഇന്നലെ തര്‍ക്കത്തിനു കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കാന്‍ തീരുമാനം.
ഇന്നലെ യോഗം ആരംഭിച്ചയുടന്‍, ജി – ബിന്‍ വാങ്ങാനുള്ള തീരുമാനം നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന ആരോപണവുമായി വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ രംഗത്തു വരികയായിരുന്നു. എജന്‍സിയെ കണ്ടെത്തിയതില്‍ സുതാര്യതയില്ലെന്നു അദ്ദേഹം ആരോപിച്ചു.
പിന്തുണച്ച് എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും രംഗതെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.07 കോടിക്ക് ജിബിന്‍ വാങ്ങാനുള്ള തീരുമാനം കൗണ്‍സിലിന്റെ അംഗീകാരത്തോടെയല്ലെന്നും ആക്ഷേപമുയര്‍ന്നു. എജന്‍സിയെ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്‌ഥരുടെ താത്‌പര്യത്തിന് വഴങ്ങിയാണ് തീരുമാനമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം പരാതിപ്പെട്ടതോടെ ബഹളമായി.
പര്‍ച്ചേയ്‌സ് കമ്മിറ്റിയില്‍ മാത്രമാണ് ചര്‍ച്ച ചെയ്‌തതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണെന്നും നേരെത്ത തന്നെ ഇതിന് അനുമതി ലഭിച്ചിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യന്‍ വിശദീകരിച്ചെങ്കിലും അംഗങ്ങള്‍ അംഗീകരിച്ചില്ല.
പര്‍ച്ചേയ്‌സ് കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ഇവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും ഏതിര്‍ത്തു.
ഇതോടെ പ്രത്യേക കൗണ്‍സില്‍ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിന് മുന്നിലെ ടേക് ആന്‍ഡ് ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ നല്‍കിയതില്‍ വഴിവിട്ട നീക്കങ്ങളുണ്ടായെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഇതിനെചൊല്ലി സി.പി.എമ്മിലെ അഡ്വ. ഷീജ അനിലും ചെയര്‍പേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. നഗരസഭയില്‍ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് തടസം സൃഷ്‌ടിക്കുനതെന്ന് ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു.
നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഏജന്‍സിയെ തീരുമാനിച്ചതെന്നും തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്‌തമാക്കി. വടവാതൂരിലെ മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് മുന്‍ നടത്തിപ്പുകാരായ രാംകി കമ്പനിയുമായി നടക്കുന്ന കേസില്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്ന നഷ്‌ടപരിഹാരതുക കുറക്കണമെന്ന് ആവശ്യവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.