സ്‌കൂള്‍ വിദ്യാര്‍ഥികളെ വീട്ടില്‍ കൊണ്ടാക്കാം എന്നു പറഞ്ഞ് മാങ്ങാനത്ത് എത്തിയത് ആര് : രണ്ടു മൂന്നു ദിവസമായി ഇന്നോവയില്‍ കറങ്ങുന്നു മഫ്തി പോലീസ് രംഗത്തിറങ്ങി അന്വേഷണം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തെ ആകമാനം നടുക്കിയ സംഭവമാണ് കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. ഈയവസരത്തിലാണ് സമാന സംഭവങ്ങളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചില ഓര്‍മകള്‍ പുറത്തു വരുന്നത്. കോട്ടയം ജില്ലയില്‍ കഴിഞ്ഞ
ഏതാനും നാളുകളായി നിരവധി സ്ഥലങ്ങളില്‍ ഇതുപോല തട്ടിക്കൊണ്ടുപോകലും അതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.

ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് മാങ്ങാനത്ത് ഇന്നോവ കാറിലെത്തിയവര്‍ കുട്ടികളെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം. ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ നടന്നു പോകുമ്പോള്‍ പിന്നാലെ എത്തിയ കാറില്‍ നിന്ന് ചിലര്‍ ഇറങ്ങി വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റാന്‍ ശ്രമിച്ചു.
പലതവണ ഇതേ സംഘം കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നാണ് രക്ഷിതാക്കള്‍ കോട്ടയം ഈസ്റ്റ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയോട് അച്ഛന്‍ ഓഫീസിലല്ലേ വീട്ടില്‍ എത്തിക്കാം എന്നു പറഞ്ഞു. ഭയന്നു പോയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമൂന്നു ദിവസമായി ഇന്നോവ കാര്‍ മാങ്ങാനം ഭാഗത്തു കറങ്ങുന്നുണ്ടായിരുന്നു. ഇതേ സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഒരു പക്ഷേ കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ അതേ സംഘമാണോ മാങ്ങാനത്തും എത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് മാങ്ങാനം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും സംശയകരമായി ഒന്നും കണ്ടില്ലെന്നുമാണ് പറയുന്നത്. ഏതായാലും കുറെ നാളായി മാങ്ങാനം ഭാഗത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്ന ഒരു സംഘം ചുറ്റിത്തിരിയുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മാങ്ങാനം കേന്ദ്രീകരിച്ച് രഹസ്യാന്വേഷണത്തിനായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

 

സ്‌പെഷല്‍ സ്‌ക്വാഡില്‍പ്പെട്ട പോലീസുകാരെ മഫ്തിയില്‍ സ്ഥലത്ത് നിയോഗിച്ച് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ഥികളെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുത്തുന്ന സംഭവമുണ്ടായാല്‍ പിടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ് പോലീസ് പറയുന്നത്.