കുട്ടിയെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ; അന്വേഷണത്തിന് പോലീസിന്റെ പ്രത്യേക സംഘം ; മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ ; കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത് ; വിളിച്ചത് ഒരു സ്ത്രീ ;ഫോണ്‍ കോളിന്‍റെ ആധികാരികത പരിശോധിക്കും ; കുട്ടിയെ കണ്ടുകിട്ടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് വ്യാജമെന്ന് പൊലീസ് 

Spread the love

സ്വന്തം ലേഖകൻ 

കൊല്ലം: ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്നിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്നാണ് അമ്മയുടെ നമ്പര്‍ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവര്‍ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോണ്‍ വന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ നമ്പര്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിക്കൊണ്ടുപോയവര്‍ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതില്‍ ഒരു സ്ത്രീയുമുണ്ട്.

കുട്ടിയുടെ വീട് സന്ദര്‍ശിച്ച ചാത്തന്നൂര്‍ എം.എല്‍.എ ജയലാല്‍ ഫോണ്‍കോളിന്റെ ആധികാരികത പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു. കുട്ടിയെ കണ്ടുകിട്ടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് വ്യാജമാണെന്നും ജയലാല്‍ പറഞ്ഞു. പോലീസിന്റെ സ്‌പെഷ്യല്‍ ടീമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്.