
സ്വന്തം ലേഖകന്‍
കോട്ടയം: ചുവട് ദ്രവിച്ചു നില്‍ക്കുന്ന വാകമരം യാത്രക്കാരുടെയും വാഹനങ്ങളുടെയും തലയ്ക്കു മീതേ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. ചുങ്കം പാലത്തിനു സമീപത്താണ് പുറമ്പോക്ക് ഭൂമിയിലെ വാകമരം അപകടക്കെണിയായിരിക്കുന്നത്. കോട്ടയം -ചുങ്കം -മെഡിക്കല്‍ കോളജ് റോഡിന്റെ മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വളര്‍ന്നു നില്‍ക്കുന്നത്. മരത്തിന് അപകടം സംഭവിച്ചാല്‍ റോഡിലേക്കാണ് വീഴുക. അത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടത്തിന് കാരണമാകും.
മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്കിയിരുന്നു. എത്രയും പെട്ടെന്ന് വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ചുങ്കത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ അപകടകരമായ രീതിയില്‍ വഴിയിലേക്ക് ചാഞ്ഞു കിടന്ന മരം കഴിഞ്ഞ ദിവസം വെട്ടിമാറ്റിയിരുന്നു. സിഎംഎസ് ഹൈസ്‌കൂളിന്റെ മൈതാനത്തു നിന്ന് റോഡിലേക്ക് ചാഞ്ഞു കിടന്ന മരച്ചില്ലകളും വെട്ടി അപകട രഹിതമാക്കി.
യാത്രക്കാരുടെ സുരക്ഷയെ കരുതി ഇത്രയൊക്കെ ചെയ്തിട്ടും പുറമ്പോക്ക് ഭൂമിയിലെ അപകട മരം വെട്ടി നീക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരപകടം നടന്നിട്ടാണോ ഇനി മരം വെട്ടാന്‍ പോകുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ചുവട് ദ്രവിച്ച വാകമരത്തിന് സമീപം മറ്റ് രണ്ടു വാക മരങ്ങള്‍കൂടി നില്‍പ്പുണ്ട്. ഇതില്‍ ഒരെണ്ണം മീനച്ചിലാറ്റിലേക്കും മറ്റൊരെണ്ണം റോഡിലേക്കുമാണ് ചരിഞ്ഞു കിടക്കുന്നത്.
അപകട മരത്തിന്റെ ചുവട്ടില്‍ ഫ്രൂട്‌സ് ,പച്ചക്കറി കച്ചവടങ്ങള്‍ സജീവമാണ്.
മെഡിക്കല്‍ കോളജിലേക്ക് ഏതു സമയത്തും ആംബുലന്‍സുകള്‍ കടന്നു പോകുന്ന വഴിയാണ്. സിഎംഎസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ നില്‍ക്കുന്നത് മരക്കെണിയുടെ സമീപത്താണ്. അധികൃതര്‍ ഇനിയും കണ്ണു തുറന്ന് യാഥാര്‍ഥ്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.